കുറഞ്ഞ വില കണ്ട് കൂടുതൽ കാരറ്റ് വാങ്ങി പണിമേടിച്ചവരാണോ നിങ്ങൾ ? എങ്കിൽ ഈ ടിപ്സ് നിങ്ങൾക്കുള്ളതാണ്. അധികമായി കാരറ്റ് വാങ്ങി അത് ചീഞ്ഞുപോയാൽ പിന്നെ പൈസപോയത് മിച്ചം. എന്നാൽ ഇനി കേടാകാതെ എങ്ങനെയൊക്കെ കാരറ്റ് കൊറേ നാൾ സൂക്ഷിക്കാമെന്നു നോക്കാം.
കാരറ്റ് കേടുകൂടാതെ സൂക്ഷിക്കാനുള്ള വഴികൾ
1. വേവിക്കാതെ
– ഫ്രിജില്‍ സൂക്ഷിക്കുക: കാരറ്റ് ഫ്രിജിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ഫ്രിജിലെ വെജിറ്റബിൾ ഡ്രോയറിൽ ഈർപ്പം കുറഞ്ഞ സ്ഥലത്ത് സൂക്ഷിക്കുക.
– അമിത ഈർപ്പം ഒഴിവാക്കുക: കാരറ്റിന് ചുറ്റും അമിതമായി ഈർപ്പം കെട്ടിനിൽക്കുന്നത് ചീഞ്ഞുപോകാൻ കാരണമാകും. അതിനാൽ, പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിക്കുമ്പോൾ അല്പം തുറന്നിടുകയോ, പേപ്പർ ടവ്വലിൽ പൊതിഞ്ഞ് സൂക്ഷിക്കുകയോ ചെയ്യാം. ഇത് ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും.
-മുറിക്കാതെ സൂക്ഷിക്കുക: കാരറ്റ് മുറിക്കാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് കൂടുതൽ കാലം നിലനിൽക്കാൻ നല്ലത്. ആവശ്യമുള്ളപ്പോൾ മാത്രം മുറിച്ചെടുക്കുക.
– ഇലകൾ നീക്കം ചെയ്യുക: കാരറ്റിന് ഇലകളുണ്ടെങ്കിൽ അവ നീക്കം ചെയ്യുക. ഇലകൾ കാരറ്റിലെ ഈർപ്പം വലിച്ചെടുക്കുകയും വേഗത്തിൽ കേടാക്കുകയും ചെയ്യും.
– വെള്ളത്തിൽ സൂക്ഷിക്കുക: ഒരു പാത്രത്തിൽ വെള്ളമെടുത്ത് കാരറ്റ് അതിൽ മുക്കിവയ്ക്കുക. വെള്ളം ദിവസവും മാറ്റുന്നത് കാരറ്റ് ഫ്രഷ് ആയി നിലനിർത്താൻ സഹായിക്കും. ഈ രീതിയിൽ ഫ്രിഡ്ജിനുള്ളില്‍ രണ്ടാഴ്ചയോളം കാരറ്റ് കേടുകൂടാതെ സൂക്ഷിക്കാം.
2. കാരറ്റ് വേവിച്ച് സൂക്ഷിക്കാനുള്ള വഴികൾ:
കാരറ്റ് വേവിച്ച് സൂക്ഷിക്കുന്നത് കൂടുതൽ കാലം കേടാകാതിരിക്കാന്‍ സഹായിക്കും.
– ബ്ലാഞ്ചിങ് (Blanching):
കാരറ്റ് ചെറിയ കഷണങ്ങളാക്കി മുറിച്ച്, തിളച്ച വെള്ളത്തിൽ 2-3 മിനിറ്റ് ഇട്ട ശേഷം പെട്ടെന്ന് ഐസ് വെള്ളത്തിലേക്ക് മാറ്റുക. ഇത് കാരറ്റിന്‍റെ നിറവും പോഷകഗുണങ്ങളും നിലനിർത്താൻ സഹായിക്കും.ശേഷം, നന്നായി വെള്ളം കളഞ്ഞ് ഒരു സിപ് ലോക്ക് ബാഗിലോ എയർടൈറ്റ് കണ്ടെയ്നറിലോ ആക്കി ഫ്രീസറിൽ സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിച്ചാൽ 10-12 മാസം വരെ കേടുകൂടാതെയിരിക്കും.
– ആവിയിൽ വേവിച്ച് സൂക്ഷിക്കുക
കാരറ്റ് ചെറിയ കഷണങ്ങളാക്കി ആവിയിൽ വേവിച്ചെടുക്കുക. എന്നാല്‍ ഇത് അമിതമായി വേവിക്കാതെ ശ്രദ്ധിക്കുക.
ശേഷം തണുപ്പിച്ച്, സിപ് ലോക്ക് ബാഗിലോ എയർടൈറ്റ് കണ്ടെയ്നറിലോ ആക്കി ഫ്രീസറിൽ സൂക്ഷിക്കാം. ഇത് സൂപ്പുകളിലും കറികളിലും ചേർക്കാൻ വളരെ സൗകര്യപ്രദമാണ്.
– കാരറ്റ് പ്യൂരി ആക്കി സൂക്ഷിക്കാം
കാരറ്റ് വേവിച്ച ശേഷം മിക്സിയിൽ അടിച്ച് പ്യൂരി ആക്കി മാറ്റുക.
ഈ പ്യൂരി ഐസ് ട്രേകളിലോ ചെറിയ കണ്ടെയ്നറുകളിലോ ആക്കി ഫ്രീസറിൽ സൂക്ഷിക്കാം. കുഞ്ഞുങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കാനും, സൂപ്പുകളിലും സോസുകളിലും ചേർക്കാനും ഇത് വളരെ ഉപകാരപ്രദമാണ്.
3. കാരറ്റ് അച്ചാര്‍ ഉണ്ടാക്കാം
ഒരുപാട് കിട്ടുന്ന സമയത്ത് ചോറിനും കഞ്ഞിക്കുമെല്ലാം പറ്റിയ അടിപൊളി കാരറ്റ് അച്ചാർ ഉണ്ടാക്കിവയ്ക്കാം