വീടുകളിലെ സ്ഥിരം ശല്യക്കാരാണ് ഈച്ചകൾ. എത്രയൊക്കെ തുരത്തിയാലും ഇവ വീണ്ടും വലിഞ്ഞുകേറി വരുന്നു. മഴക്കാലത്താണെങ്കിൽ ഇവയുടെ ശല്യം കൂടുതലാണ്. ഈച്ചകൾ പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. അതിനാൽ മഴക്കാലത്ത് അടുക്കളയിലെ പ്രാണികളെയും ഈച്ചകളെയും തടയാൻ ഇതാ കിടിലൻ വിദ്യകൾ.
കീടനാശിനികളും മറ്റ് മരുന്ന് പ്രയോഗവും അടുക്കളയിൽ നമുക്ക് അധികം പ്രയോഗിക്കാൻ പറ്റില്ല. ഭക്ഷണം ഉണ്ടാക്കുന്ന ഇടമല്ലേ, അപ്പോൾ കുറച്ച് പ്രകൃതിദത്തമായ വഴികളിലൂടെ ഈച്ചകളേയും പ്രാണികളെയും എങ്ങനെ അകറ്റാം എന്ന് നോക്കാം.
യൂക്കാലിപ്റ്റസ്, വേപ്പ്, ലാവെൻഡർ അല്ലെങ്കിൽ പെപ്പർമിന്റ് പോലുള്ള അവശ്യ എണ്ണകൾ കൊണ്ട് വീട്ടിൽ തന്നെ നിർമിച്ച് എടുക്കാവുന്ന സ്പ്രേകൾ ഉപയോഗിച്ച് ഇവയെ ഓടിക്കാവുന്നതാണ്. അവയുടെ ശക്തമായ മണം പ്രാണികളെ അകറ്റി നിർത്തുകയും അതേ സമയം നിങ്ങളുടെ വീടിന് പുതിയ മണം നൽകുകയും ചെയ്യുന്നു.മറ്റു വഴികൾ എന്തൊക്കെയാണ് എന്ന് നോക്കാം.
1. വഴനയില ബെസ്റ്റാണ്
ചിതലിനെയും മറ്റ് പ്രാണികളെയും അടുക്കളയിൽ നിന്നും തുരത്താൻ വഴന ഇലകൾ മികച്ചതായി കണക്കാക്കപ്പെടുന്നു. നിങ്ങൾ ചെയ്യേണ്ടത് കാബിനറ്റുകളുടെ മൂലയിൽ കുറച്ച് ഇലകൾ വയ്ക്കുക മാത്രമാണ് ഇതിന്റെ അധികഠിനമായ സുഗന്ധം പ്രാണികളെയും ഈച്ചകളെയും അകറ്റുമെന്ന് ഉറപ്പ്.
2. അടുക്കളയുടെ മൂലകളിൽ കറുവപ്പട്ട വിതറുക
അടുക്കളയിലെ മറ്റൊരു താരമാണ് കറുവപ്പട്ട. നമ്മൾ ഉണ്ടാക്കുന്ന വിഭവങ്ങളുടെ രുചി കൂട്ടാൻ കറുവപ്പട്ടയ്ക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ്. എന്നാൽ അത് മാത്രമല്ല ഇവയുടെ ഉപയോഗം. ഉറുമ്പുകളെയും മറ്റ് പ്രാണികളെയും തടയാനും ഇത് സഹായിക്കുന്നു. നിങ്ങളുടെ അടുക്കളയുടെ കോണുകളിൽ കുറച്ച് കറുവപ്പട്ട പൊടിച്ചത് വിതറിയാൽ മാത്രം മതി, അതിന്റെ ഗന്ധം പ്രാണികളെ അടുക്കളയിൽ നിന്നും പറ പറപ്പിക്കും.
3. ഒരു പാത്രത്തിൽ കുറച്ച് കാപ്പിപ്പൊടി സൂക്ഷിക്കുക
കാപ്പിയുടെ ഗ്രന്ധം പ്രാണികൾക്കും ഈച്ചകൾക്കും തീരെ പിടിക്കില്ല. ഏതൊക്കെ വില്ലന്മാർ നിങ്ങളുടെ അടുക്കളയിൽ വിലസുന്നുണ്ടെങ്കിലും അവരെയൊക്കെ ഓടിക്കാൻ കുറച്ച് കാപ്പിപ്പൊടി മാത്രം മതി. നിങ്ങൾ ചെയ്യേണ്ടത് ഒരു ചെറിയ പാത്രം എടുത്ത് അതിൽ കുറച്ച് കാപ്പിപ്പൊടി ഇട്ട് അടുക്കളയുടെ ഏതെങ്കിലും മൂലയിൽ വയ്ക്കുക.
5. ഉള്ളിയും നിങ്ങളുടെ രക്ഷയ്ക്കെത്തും
അടുക്കളയിൽ ഒരിക്കലും മാറ്റമില്ലാത്ത ഭീഷണി പാറ്റയാണ്. എത്രയൊക്കെ തലകുത്തി നിന്നാലും പാറ്റ പോകില്ല കാര്യം എന്താണെന്നോ ഏറ്റവും പ്രതിരോധശേഷിയുള്ള പ്രാണികളിൽ ഒന്നാണ് ഇവന്മാർ. അപ്പോൾ അവരെ ഓടിക്കാൻ, നിങ്ങൾക്ക് പതിവിലും ശക്തമായ ഒന്ന് ആവശ്യമാണ്. കുറച്ച് ഉള്ളി അരിഞ്ഞത് ബേക്കിങ് സോഡയുമായി മിക്സ് ചെയ്യുക, എന്നിട്ട് നിങ്ങളുടെ അടുക്കളയുടെ കോണുകളിൽ ഈ മിശ്രിതം സൂക്ഷിക്കുക.
6.പുതിനയും തുളസിയും
പുതിനയുംട രൂക്ഷ ഗന്ധം ഈച്ചകളെ ആട്ടിയോടിക്കും. പുതിനയിലയും തുളസിയിലയും വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം. ശേഷം സ്പ്രേ കുപ്പിയിലാക്കി ഈച്ച ശല്യം ഉള്ളിടത്ത് സ്പ്രേ ചെയ്യാം.
7. ശര്‍ക്കരയും ഈസ്റ്റും കുരുമുളകും
ശർക്കരയും കുരുമുളകും വെള്ളത്തിൽ നന്നായി ലയിപ്പിച്ചെടുക്കാം. യീസ്റ്റും ചേർക്കണം. ഒരു കുപ്പിയിൽ ഒഴിച്ചിട്ട് കുപ്പിയ്ക്ക് ചുറ്റും ദ്വാരം ഇടാം. മധുരം ഈച്ചയെ ആകർഷിക്കും. ശേഷം ഈച്ചയുള്ളിടത്ത് വയ്ക്കാം. വീടിന്റെ മുഴുവൻ ഭാഗങ്ങളിലുള്ള ഈച്ചകളെ ഇത് ആകർഷിക്കുകയും അവയെ എളുപ്പത്തിൽ കൊല്ലുകയും ചെയ്യും.