ഇന്ദോർ: ഇൻഡോറിലെ എംടിഎച്ച് സർക്കാർ ആശുപത്രിൽ രണ്ട് തലകളും ഒരു ഉടലുമായി കുഞ്ഞു ജനിച്ചു. മധ്യപ്രദേശിൽ ആണ് അപൂർവ അവസ്ഥയിൽ പെൺകുഞ്ഞ് ജനിച്ചത്. നിലവിൽ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജനിക്കുന്ന സമയത്ത് 2.8 കിലോ ഭാരമാണ് കുഞ്ഞിന് ഉണ്ടായിരുന്നത്.
22നാണ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നത്. എൻ.ഐ.സിയുവിൽ ചികിത്സയിലാണ് കുട്ടിയിപ്പോൾ. രണ്ട് ഹൃദയങ്ങളാണ് കുട്ടിക്കുള്ളത്. ഇതിൽ ഒരെണ്ണം പ്രവർത്തന ക്ഷമമല്ല. മറ്റൊന്ന് പ്രവർത്തിക്കുനനുണ്ടെങ്കിലും അതിന്‍റെ ഘടന സാധാരണ ഗതിയിലല്ല. ശ്വാസ തടസ്സവുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് എം.ജി.എം മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ദൻ ഡോക്ടർ നിലേഷ് ജെയ്ൻ പറഞ്ഞു.
കുഞ്ഞിന് മികച്ച ചികിത്സ നൽകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുന്നതിനനുസരിച്ച് മാത്രമേ കുട്ടിയുടെ ജീവൻ രക്ഷിക്കാനാകുമോ എന്ന് ഉറപ്പിക്കാനാകൂ എന്നാണ് ഡോക്ടർ പറയുന്നത്.
കുഞ്ഞിന്‍റെ രണ്ട് തലകളിൽ ഒന്ന് നീക്കം ചെയ്യുന്നതിനെക്കുറിച്ച് മാതാപിതാക്കളുമായി ചർച്ച ചെയ്യുമെന്ന് ഡോക്ടർ പറഞ്ഞു. വർഷത്തിൽ രണ്ടു തവണയെങ്കിലും ഇത്തരം മെഡിക്കൽ കേസുകൾ തങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ടെന്നും ഇത്തരം കേസുകളിൽ ശസ്ത്രക്രിയ ബുദ്ധിമുട്ടാണെന്നും അവർ അറിയിച്ചു.