തിരുവനന്തപുരം: സ്കൂൾ സമയ മാറ്റത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ മത സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവൻകുട്ടി ഇന്ന് ചർച്ച നടത്തും. വൈകിട്ട് 4.30 ന് മന്ത്രിയുടെ ചേംബറിലാണ് യോഗം. ഓരോ മാനേജ്മെന്റിൽ നിന്നും ഒരു പ്രതിനിധി ചർച്ചയിൽ പങ്കെടുക്കും. സമയമാറ്റവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പ്രതിനിധികൾക്ക് യോഗത്തിൽ പങ്കുവയ്ക്കാം.
സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിർത്ത പശ്ചാത്തലത്തിലാണ് നടപടി. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് വിശദീകരിക്കാനാണ് സർക്കാർ ശ്രമിക്കുക. ചർച്ചയിൽ ഒന്നിലധികം നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് സമസ്തയുടെ തീരുമാനം. രാവിലെ 15 മിനിറ്റ് നേരത്തേ തുടങ്ങുന്നത് ഒഴിവാക്കി ഉച്ചയ്ക്ക് ശേഷം സമയം ക്രമീകരിക്കുക. വേനലവധിയിൽ മാറ്റം വരുത്തി പഠന സമയം ഉറപ്പാക്കാമെന്നതടക്കം നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കും.
അതിനിടെ, സ്കൂൾ സമയമാറ്റത്തെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചുവെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. അനാവശ്യ അവധികൾ കുറയ്ക്കണമെന്നും സർവേയിൽ പങ്കെടുത്ത 41 ശതമാനം രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.