പത്തനംതിട്ട: കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. തിരുവല്ല മന്നംകരചിറയിലാണ് അപകടം നടന്നത്. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണൻ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. തിരുവല്ലയിൽനിന്ന് മടങ്ങുകയായിരുന്ന ജയകൃഷ്ണനും സുഹൃത്തുക്കളും. മുത്തൂർ – കാവുംഭാഗം റോഡില്‍വച്ച് നിയന്ത്രണം വിട്ട കാർ ആദ്യം പോസ്റ്റിൽ ഇടിക്കുകയും പിന്നീട് കുളത്തിലേക്ക് വീഴുകയുമായിരുന്നു. അഗ്നിശമനസേന എത്തിയാണ് ഇവരെ കാറിൽനിന്ന് പുറത്തെത്തിച്ചത്.
ജയകൃഷ്‌ണൻ്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവരാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. പരിക്കേറ്റ ഐബിയുടെ നില ഗുരുതരമാണ്. ഐബി സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള അനന്തു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ജയകൃഷ്ണന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.