കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ യു-സ്‌ഫിയറിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ബിജു മഹിമയെ നിയമിച്ചു. നിർമ്മാണ, അടിസ്ഥാന സൗകര്യ, എഞ്ചിനീയറിംഗ് മേഖലകളിൽ 30 വർഷത്തിലേറെ കാലത്തെ പരിചയസമ്പന്നതയോടൊപ്പം ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും നടപ്പിലാക്കിയ വൻകിട പദ്ധതികളിൽ നിന്നുള്ള അനുഭവ പരിചയവും കൈമുതലാക്കിയാണ് ബിജു മഹിമ യു-സ്‌ഫിയറിൽ എത്തുന്നത്.
എക്‌സ്എൽആർഐ ജംഷഡ്‌പൂരിൽ നിന്ന് ബിസിനസ് അഡ്‌മിനിസ്ട്രേഷനിലും മാനേജ്മെന്‍റിലും പിജിസിബിഎം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റിൽ നിന്ന് സ്ട്രക്‌ചറൽ എഞ്ചിനീയറിംഗിൽ എം-ടെക്, മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബി-ടെക് എന്നിവ ബിജു മഹിമ നേടിയിട്ടുണ്ട്. പ്രശസ്തമായ ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസസിന്‍റെ ക്വാളിഫൈഡ് ഓഫീസർ കൂടിയാണ് അദ്ദേഹം. മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
യു-സ്‌ഫിയറിൽ ചേരുന്നതിന് മുമ്പ് ബിജു മഹിമ ജിൻഡാൽ സ്റ്റീൽ ആന്‍റ് പവർ ലിമിറ്റഡിൽ വൈസ് പ്രസിഡന്‍റായിരുന്നു. ലുലു ഇൻഫ്ര ബിൽഡിൽ പ്രോജക്‌ട് മേധാവിയായും പ്രവർത്തിച്ച അദ്ദേഹം 1500 കോടി രൂപയുടെ കൊച്ചിയിലെ ലുലു ഐടി പാർക്ക് പ്രോജക്‌ടിന് നേതൃത്വം നൽകി.
നേരത്തെ, യുഎഇയിലെ എമിറേറ്റ്സ് എഞ്ചിനീയറിംഗ് സർവീസസിലും സൗദി അറേബ്യയിലെ അൽ സമിൽ ഇൻഡസ്ട്രീസിലും അദ്ദേഹം വ്യാവസായിക, വാണിജ്യ അടിസ്ഥാന സൗകര്യങ്ങളുടെ എഞ്ചിനീയറിംഗ്, ഡിസൈൻ, ഘടനാപരമായ നിർവ്വഹണം എന്നിവയ്ക്ക് നേതൃത്വം നൽകി.
നിർമ്മാണ വ്യവസായത്തിന്‍റെ ഈ നിർണ്ണായക ഘട്ടത്തിൽ യു-സ്‌ഫിയറിൽ ചേരുന്നതിൽ അഭിമാനിക്കുന്നുവെന്നും ‘സ്പീഡ്-ബിൽഡ്’, ‘സ്മാർട്ട്-ബിൽഡ്’, ‘സസ്റ്റെയിൻ-ബിൽഡ്’ എന്നിവയിലൂടെ അടിസ്ഥാന സൗകര്യ വികസനത്തെ പുനർനിർവ്വചിക്കുക എന്ന കാഴ്ചപ്പാടിലൂടെ വേഗമേറിയതും സുസ്ഥിരവും ഉന്നത നിലവാരം പുലര്‍ത്തുന്നതുമായ ഭാവിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന നിര്‍മ്മാണ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും യു-സ്‌ഫിയറിന്‍റെ സിഇഒ പദവി ഏറ്റെടുത്തുകൊണ്ട് ബിജു മഹിമ പറഞ്ഞു.
ബിജു മഹിമയെ യു-സ്‌ഫിയറിന്‍റെ സിഇഒ ആയി സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ സാങ്കേതിക വൈദഗ്ധ്യം, ആഗോള പരിചയം, നവീനതയോടുള്ള അഭിനിവേശം എന്നിവ അടുത്ത വളർച്ചാ ഘട്ടത്തിലേക്ക് ഞങ്ങളെ നയിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നുവെന്നും യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. ബിജു മഹിമയുടെ നേതൃത്വത്തിൽ, വേഗത, സുസ്ഥിരത, സാമൂഹിക പ്രതിബദ്ധത എന്നിവ സംയോജിപ്പിച്ച് യു-സ്‌ഫിയർ നിർമ്മാണ വ്യവസായത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നും രമേശന്‍ പാലേരി കൂട്ടിച്ചേര്‍ത്തു.
യു-സ്‌ഫിയറിൽ, ബിജു മഹിമ ഡിസൈൻ ആന്‍റ് എഞ്ചിനീയറിംഗ്, പ്രൊഡക്ഷൻ, എക്സിക്യൂഷൻ എന്നിവയിലെ ക്രോസ്-ഫങ്ഷണൽ ടീമുകളുമായി ചേർന്ന് സംയോജിതവും വരും കാലത്തിനു ഉതകുന്നതുമായ നിർമ്മാണ പദ്ധതികള്‍ക്ക് നേതൃത്വം നൽകും. പ്രോജക്‌ട് സമയ ക്രമം വേഗത്തിലാക്കുക, അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുക, ഇൻസ്റ്റിറ്റ്യൂഷണൽ, റസിഡൻഷ്യൽ, കൊമേഴ്സ്യൽ, വ്യാവസായിക പ്രോജക്‌ടുകളിൽ സുസ്ഥിര രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയിൽ അദ്ദേഹത്തിന്‍റെ നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കും.