മാട്രിമോണിയൽ സൈറ്റുകളിൽ നിന്ന് സ്ത്രീകളുടെ ഫോട്ടോകളും വിവരങ്ങളും ശേഖരിച്ച് സോഷ്യൽ മീഡിയയിൽ വിവാഹ പരസ്യം നൽകി തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നേതാജി നഗർ ശ്രീനാരായണപുരം പൊയ്കയിൽ വീട്ടിൽ മുഹമ്മദ് റമീസിനെയാണ് (27) വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിൽ മാട്രിമോണിയൽ ഗ്രൂപ്പുകളും വിവിധ സ്ഥാപനങ്ങളുടെ വ്യാജ അക്കൗണ്ടുകളും നിർമിച്ചാണ് തട്ടിപ്പ് നടത്തിയത്. വ്യാജ അക്കൗണ്ടുകളിലൂടെ ‘വരനെ ആവശ്യമുണ്ട്’ എന്ന് പരസ്യം നൽകും. ഇതിനായി വിവിധ മാട്രിമോണി സൈറ്റുകളിൽ നിന്ന് പെൺകുട്ടികളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിക്കും.
വിവാഹക്കാര്യം അന്വേഷിച്ച് ബന്ധപ്പെടുന്നവർക്ക് പെൺകുട്ടികളുടെ ചിത്രവും ഒപ്പം ജില്ലയുടെ പേരും അയച്ചുനൽകും. ഇയാളുടെ സഹായികൾ തന്നെ ഇടപാടുകാരോട് സ്ത്രീകളുടെ ബന്ധുവാണ് എന്ന വ്യാജന സംസാരിച്ച് വിശ്വാസത്തിലെടുക്കും. തുടർന്ന് രജിസ്ട്രേഷനായി 1400 രൂപ വാങ്ങിക്കും.
പണം വാങ്ങിക്കഴിഞ്ഞാൽ ഇടപാടുകാരനെ ബ്ലോക്ക്ചെയ്ത് ഒഴിവാക്കും. ഇത്തരത്തിൽ തട്ടിപ്പിനിരയായ ചൂരൽമല സ്വദേശി വയനാട് സൈബർ പൊലീസിൽ നൽകിയ പരാതിയാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
















