തമിഴ് സൂപ്പർതാരം വരലക്ഷ്മി ശരത്കുമാറിന് ആഡംബര സ്പോർട്സ് കാർ ആയ ‘പോർഷെ 718 ‘ ബോക്സ്റ്റർ സമ്മാനിച്ച് ഭർത്താവ് നിക്കോളായ് സച്ച്ദേവ്. ഒന്നാം വിവാഹവാർഷികത്തിനാണ് ഭർത്താവ് നിക്കോളായ് സ്നേഹ സമ്മാനമായി ആഡംബര വാഹനം നടിക്ക് സമ്മാനിച്ചത്. താരത്തിന്റെ ചെന്നൈയിലുള്ള അപ്പാർട്ട്മെന്റിലേക്ക് നിക്കോളായ് വാഹനം എത്തിച്ചുകൊടുക്കുകയായിരുന്നു.
വരലക്ഷ്മി കാർ ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. പാർക്കിങ് ഏരിയയിലേക്ക് അവർ നടന്നുപോകുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ചുവന്ന തുണികൊണ്ട് മൂടിയ വാഹനം താരം സന്തോഷത്തോടെ സ്വീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിങ്ക് നിറത്തിലുള്ള പോർഷെ ബോക്സ്റ്റർ വരലക്ഷ്മി ഓടിച്ചുപോകുന്നതും വീഡിയോയുടെ അവസാന ഭാഗത്ത് കാണാം.
രണ്ട് സീറ്റുകളുള്ള കൺവെർട്ടിബിൾ സ്പോർട്സ് കാറാണ് ബോക്സ്റ്റർ. ഇതിന്റെ അവസാനമായി രേഖപ്പെടുത്തിയ എക്സ്-ഷോറൂം വില 1.5 കോടി രൂപയിലധികമാണ്. ഉപഭോക്താക്കൾക്ക് വിപുലമായ കസ്റ്റമൈസേഷൻ സൗകര്യങ്ങൾ നൽകുന്നതിൽ പോർഷെ പ്രശസ്തമാണ്. പോർഷെയുടെ എക്സ്ക്ലൂസീവ് മാനുഫാക്ചർ പ്രോഗ്രാം, പ്രത്യേകിച്ച് നിറങ്ങളിലും ട്രിമ്മുകളിലും കസ്റ്റമൈസേഷൻ അവസരങ്ങൾ നൽകുന്നു. പോർഷെ ടീം നിങ്ങൾക്കിഷ്ടമുള്ള ഏത് നിറത്തിലും കാർ പെയിന്റ് ചെയ്തു തരും. എന്നാൽ, വരലക്ഷിമിയുടെ ബോക്സ്റ്റർ പെയിന്റ് ചെയ്തതല്ല, റാപ്പ് ചെയ്തതായാണ് തോന്നുന്നത്. ഇതിനൊരു മാറ്റ് ഫിനിഷാണുള്ളത്.
സൈഡ് വ്യൂ മിററുകൾക്ക് കറുപ്പ് നിറം നൽകിയിരിക്കുന്നത് കാണാം. സൈഡ് വെന്റുകൾ, ഫ്രണ്ട് ബമ്പർ, അലോയ് വീലുകൾ എന്നിവയും കറുപ്പാണ്. ‘718 ബോക്സ്റ്റർ’ എന്നെഴുതിയതിനും ബ്ലാക്കിലാണ്. കാറിന്റെ ഉൾവശത്ത് എന്തെങ്കിലും മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
300 എച്ച്പി കരുത്തും 380 എൻഎം ടോർക്കും നൽകുന്ന 2.0 ലിറ്റർ ഫ്ലാറ്റ്-ഫോർ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. ഇതിലെ ഗിയർബോക്സ് ഓട്ടോമാറ്റിക് യൂണിറ്റാണ്. 5.1 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-ൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. മണിക്കൂറിൽ 275 കിലോമീറ്ററാണ് പരമാവധി വേഗത.