ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് പള്ളിയോട സേവാ സംഘം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ഉയര്‍ത്തിയ ആരോപണം വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ ജനകവുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍. ആറന്മുള വള്ളസദ്യയെ കച്ചവടവല്‍ക്കരിക്കുകയല്ല മറിച്ച് ജനകീയ വല്‍ക്കരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയ്തത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഭക്തരുടെ വലിയ ആഗ്രഹമാണ് ആറന്മുള വള്ളസദ്യ ക്ഷേത്ര സന്നിധിയില്‍ വച്ച് കഴിക്കുക എന്നുള്ളത്. ഭക്തരുടെ ഈ ആവശ്യത്തെ സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ് 250 രൂപ ഈടാക്കി മുന്‍കൂര്‍ കൂപ്പണ്‍ നല്‍കി വള്ളസദ്യയിലെ വിഭവങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയ സദ്യ ക്ഷേത്ര സന്നിധിയില്‍ വച്ച് നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
സദ്യ ഒന്നിന് ഭക്തരുടെ കയ്യില്‍ നിന്ന് ഈടാക്കുന്ന 250 രൂപയും പള്ളിയോട സേവാ സംഘത്തിന് തന്നെ നല്‍കുന്ന രീതിയിലാണ് കാര്യങ്ങള്‍ ആലോചിച്ചു തീരുമാനിച്ച് മുന്നോട്ടുപോകുന്നത്. അതായത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഒരു രൂപയുടെ പോലും വരുമാനം ആറന്മുള വള്ളസദ്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സദ്യ നല്‍കുന്നതിലൂടെ ലഭിക്കുന്നില്ല. ഇത്തരത്തില്‍ ഒരു രൂപ പോലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ലഭിക്കില്ല എന്നിരിക്കെ, ലാഭേഛയോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിച്ചത് എന്ന ആരോപണം അസംബന്ധമാണ്. വിദൂര ജില്ലകളിലുള്ള ഭക്തര്‍ വള്ളസദ്യക്കായി ആറന്മുളയില്‍ എത്തി അവസരം ലഭിക്കാതെ മടങ്ങി പോകേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് മുന്‍കൂര്‍ കൂപ്പണ്‍ നല്‍കി ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയത്.
ഇത്തരത്തില്‍ ഒരു സംവിധാനം ഒരുക്കുന്നതിനെ പറ്റി പ്രാഥമിക ചര്‍ച്ച നടന്ന ഘട്ടത്തില്‍ തന്നെ ആറന്മുള ക്ഷേത്ര ഉപദേശക സമിതിയേയും പള്ളിയോട സേവാ സംഘത്തെയും അറിയിക്കുകയും അവരുടെ ബന്ധപ്പെട്ട പ്രതിനിധികളെ കൂടി ചര്‍ചകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതാണ്. ചര്‍ച്ച ചെയ്ത് എല്ലാ കാര്യങ്ങളും തീരുമാനിച്ച ശേഷം പിന്നീട് കൂടിയാലോചന നടത്തിയില്ല തീരുമാനത്തെ പറ്റി അറിയില്ല എന്നുള്ള പള്ളിയോട സേവാ സംഘത്തിന്റെ നിലപാട് നിരാശജനകമാണ്. ഈ വിഷയത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിച്ച് ഭക്തര്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന് പള്ളിയോട സേവാ സംഘവും
ക്ഷേത്ര ഉപദേശക സമിതിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് സഹകരിക്കും എന്ന് തന്നെയാണ് ദേവസ്വം ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. നിശ്ചയിച്ച പ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍കൂട്ടി ബുക്ക് ചെയ്തുള്ള വള്ളസദ്യ നടപടികളുമായി മുന്നോട്ടു പോകുമെന്നും വിഷയത്തില്‍ ആരുമായും തുടര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി. എസ് പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു
CONTENT HIGH LIGHTS; The Travancore Devaswom Board did not commercialize the Aranmula Vallasadya but popularized it.