Kerala

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ ഒഴിഞ്ഞുമാറാനാകില്ലെന്ന് കെസി വേണുഗോപാല്‍ എംപി

ബലാത്സംഗ- കൊലപാതക കേസിലെ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ സംഭവം ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

അതീവ സുരക്ഷയുള്ളതാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. അവിടെന്ന് ഗോവിന്ദച്ചാമിയെ പോലൊരു പ്രതി രക്ഷപ്പെടാന്‍ ഇടയാക്കിയ സാഹചര്യം സര്‍ക്കാര്‍ സ്ത്രീസുരക്ഷയ്ക്ക് നല്‍കുന്ന പരിഗണനയുടെ നേര്‍സാക്ഷ്യമാണ്.അംഗവൈകല്യമുള്ള ഗോവിന്ദച്ചാമി സെല്ലിലെ കമ്പി മുറിച്ചുമാറ്റി, ഇലക്ട്രിക് ഫെന്‍സിങ് ഉള്ള മതില്‍ ചാടി രക്ഷപ്പെട്ടത് ജയില്‍ അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ക്ക് ശേഷമാണെന്നതില്‍ തന്നെ അടിമുടി ദുരൂഹതയും ഗൂഢാലോചനയുമാണ് വെളിവാകുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

ഒരു കാരണവശാലും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഇതില്‍ നിന്ന് കൈ കഴുകാനാവുന്നതല്ല. കേരളത്തിലെ ജയിലുകള്‍ കുറ്റവാളികള്‍ക്ക് സുഖവാസ കേന്ദ്രങ്ങളാവുകയാണ്. സ്ത്രീസുരക്ഷയ്ക്ക് ഒരു തരിമ്പെങ്കിലും പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെയൊന്നുണ്ടാവില്ല. ജയില്‍ ഡിജിപി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നടന്ന ജയില്‍ ചാട്ടം നടന്നത്. ഉള്ളില്‍ നിന്ന് സഹായം ലഭിക്കാതെ ഇത്തരമൊരു സാഹസത്തിന് ഗോവിന്ദച്ചാമി മുതിരുമോ എന്നത് സംശയമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഗോവിന്ദച്ചാമിയെ ജയില്‍ ചാടാന്‍ സഹായിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.സര്‍ക്കാരിന്റെ നിസ്സംഗതയും അലസതയും സ്ത്രീകളുടെ ജീവനും ജീവിതത്തിനും നേര്‍ക്കുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്ന് പറഞ്ഞ വേണുഗോപാല്‍ പേരിന് സ്ത്രീസുരക്ഷ എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അത് അടിമുടി ഉറപ്പുവരുത്താന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.