ലാവ തങ്ങളുടെ പുതിയ സ്‌മാർട്ട്‌ഫോണായ ലാവ ബ്ലേസ് ഡ്രാഗൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. “റൈസ് ഓഫ് ദി ഇന്ത്യൻ ഡ്രാഗൺ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സ്‌മാർട്ട്‌ഫോണിൽ 5G കണക്റ്റിവിറ്റിയും വേഗതയേറിയ പ്രകടനവും നൽകുന്ന സ്‌നാപ്ഡ്രാഗൺ 4 ജനറേഷൻ 2 പ്രോസസറാണ് നൽകിയിരിക്കുന്നത്. ആകർഷകമായ 3D ഗ്ലോസി ഡിസൈൻ, 50MP എഐ ക്യാമറ എന്നിങ്ങനെ നിരവധി പ്രത്യേകതകളുമായാണ് ബജറ്റ് സ്‌മാർട്ട്‌ഫോൺ വിഭാഗത്തിലേക്ക് പുതിയ ഫോൺ എത്തിയിരിക്കുന്നത്.
8,999 രൂപയാണ് ഇതിന്‍റെ വില. ഓഗസ്റ്റ് 1 മുതലായിരിക്കും ലാവ ബ്ലേസ് ഡ്രാഗൺ വിൽപ്പനയ്‌ക്കെത്തുക. പുതിയ ഫോണിന്‍റെ വിലയും ലഭ്യതയും കളർ ഓപ്‌ഷനുകളും ഫീച്ചറുകളും പരിശോധിക്കാം.
ലാവ ബ്ലേസ് ഡ്രാഗൺ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരേയൊരു വേരിയന്‍റിൽ മാത്രമേ ലഭ്യമാകൂ. 9,999 രൂപയാണ് ഇതിന്‍റെ പ്രാരംഭ വില. ബാങ്ക് ഓഫറുകൾ ഉപയോഗിച്ചാൽ 1000 രൂപ കിഴിവ് ലഭിക്കും. ഇതിനു പുറമെ ആദ്യ വിൽപ്പന നടക്കുന്ന ദിവസം 1,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. ആദ്യ വിൽപ്പന ഓഗസ്റ്റ് 1ന് 12 AM മുതലാണ് നടക്കുക. ആമസോണിലൂടെയാകും വിൽപ്പന.
5G കണക്റ്റിവിറ്റി, ആകർഷകമായ ഡിസൈൻ, മികച്ച സവിശേഷതകൾ എന്നിവയുള്ള ലാവ ബ്ലേസ് ഡ്രാഗണിന്‍റെ സ്‌പെസിഫിക്കേഷനുകൾ പരിശോധിക്കാം.
120Hz റിഫ്രഷ് റേറ്റുള്ള 6.745 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 450-നിറ്റ്‌സ് ബ്രൈറ്റ്‌നസുള്ള 2.5D കർവ്‌ഡ് എഡ്‌ജാണ് ഫോണിനുള്ളത്. ഇത് വീഡിയോകൾ കാണുന്നതും ഗെയിമിങ് നടത്തുന്നതും കൂടുതൽ ആസ്വാദ്യകരമാക്കി മാറ്റുന്നു. കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച ഫോട്ടോകളും വീഡിയോകളും പകർത്തുന്ന 50MP AI ക്യാമറയാണ് ലാവ ബ്ലേസ് ഡ്രാഗണിലുള്ളത്. സെക്കൻഡറി ക്യാമറയും ഫ്രണ്ട് ക്യാമറയും എത്ര എംപിയുടെതെന്ന് വ്യക്തമല്ല. ഒരു എൽഇഡി യൂണിറ്റും ഫോണിലുണ്ടാകും.
ടൈപ്പ്-സി 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ലാവ ബ്ലേസ് ഡ്രാഗണിലുള്ളത്. ബ്ലോട്ട്‌വെയർ ഇല്ലാതെ ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ സ്റ്റോക്ക് വേർഷനിലാണ് ഇത് പ്രവർത്തിക്കുന്നത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്‍റെ സെൻസറും മറ്റൊരു പ്രത്യേകതയാണ്. ഗെയിമിങ്, മൾട്ടിടാസ്‌കിങ്, ദൈനംദിന ഉപയോഗം എന്നിവയ്‌ക്കുതകുന്ന സ്‌നാപ്ഡ്രാഗൺ 4 ജനറേഷൻ 2 പ്രോസസർ ഇതിലുണ്ട്.