വ്യാപകമായ ക്രമക്കേടും സാങ്കേതിക പിഴവുകളും പ്രകടമായതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കാനുമുള്ള തീയതി രണ്ടാഴ്ച കൂടി നീട്ടണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. നിലവില്‍ ഓഗസ്റ്റ് 7വരെയാണ് സമയപരിധി. ഇപ്പോള്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടിക അശാസ്ത്രീയവും മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണ്. പരാജയഭീതി കാരണം തദ്ദേശ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് സത്യസന്ധവും നീതിപൂര്‍വമായി നടത്തുന്നതിനെ സിപിഎം ഭയപ്പെടുന്നു. ശരിയായ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 2010 ല്‍ എല്‍ഡിഎഫിനുണ്ടായ വലിയ തിരിച്ചടി ആവര്‍ത്തിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞാണ് ഇങ്ങനെയൊരു നീക്കം നടത്തുന്നത്.സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് തിരഞ്ഞെടുപ്പിന്റെ സ്വതന്ത്രസ്വഭാവവും നിഷ്പക്ഷതയും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അതിനായി തിരഞ്ഞെടുപ്പ് കമ്മീഷനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ നിയമവിരുദ്ധവും അന്യായവുമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആശാസ്ത്രീയവും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവുമായിട്ടാണ് വാര്‍ഡ് വിഭജനം നടത്തിയത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതികളുടെ ഹിയറിംഗ് പൊതുവെ പ്രഹസനമായിരുന്നു.ആയിരക്കണക്കിന് പരാതികള്‍ ലഭിച്ചിട്ടും അത് കേള്‍ക്കാനോ പരിശോധിക്കാനോ കൂടുതല്‍ സമയം അനുവദിച്ചില്ല. സത്യസന്ധമായ അന്വേഷണം ഒന്നില്‍ പോലും നടന്നില്ല. ലഭിച്ച പരാതികള്‍ പരിശോധിക്കാതെയും അതിലെ വാദമുഖങ്ങള്‍ വിലയിരുത്താതെയുമാണ് തീര്‍പ്പ് കല്‍പ്പിച്ചത്. പരാതിക്കാരെ പിന്തിരിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. രേഖാമൂലം നല്‍കിയ പരാതികള്‍ പരിശോധിച്ച് കാര്യകാരണം സഹിതം സ്വീകരിക്കാനോ,തള്ളാനോയുള്ള യുക്തിഭദ്രമായ ഉത്തരവ് പുറപ്പെടുവിപ്പിച്ചില്ല. സിപിഎം അനുഭാവികളായ അന്വേഷണ ഉദ്യേഗസ്ഥര്‍ സിപിഎമ്മിന്റെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ശരിയായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച സെക്രട്ടറിമാരെ ഭീഷണിപ്പെടുത്തി സിപിഎമ്മിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായ റിപ്പോര്‍ട്ട് നിര്‍ബന്ധപൂര്‍വ്വം ഉണ്ടാക്കുകയും ചെയ്തുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഡ് വിഭജനം അശാസ്ത്രീയതയുടെയും തെറ്റുകളുടെയും പ്രകടമായ തെളിവാണ്. ഭൂമിശാസ്ത്രപരമായ ഘടകങ്ങളും യാത്രാ സൗകര്യങ്ങളും കണക്കിലെടുക്കാതെയും പരസ്പര ബന്ധമില്ലാത്ത പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്തും രാഷ്ട്രീയലാഭം ഉണ്ടാക്കുകയെന്ന ദുഷ്ടലാക്കോടെയാണ് വാര്‍ഡ് വിഭജനം നടത്തിയത്. ഒരു പഞ്ചായത്തിലെ പ്രദേശങ്ങളെ ഒന്നിലേറെ വാര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു താലൂക്കുകളിലും നിയോജക മണ്ഡലങ്ങളിലുമായി വരുന്ന പ്രദേശങ്ങളെയും ഒരു വാര്‍ഡില്‍ ഉള്‍പ്പെടുത്തി.
പയ്യാവൂര്‍ പഞ്ചായത്തിലെ പയ്യാവൂര്‍, ചന്ദനക്കാംപാറ, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, ഉളിക്കല്‍ പഞ്ചായത്തിലെ മണിക്കടവ്, നുച്ചിയാട് വാര്‍ഡുകളും അയ്യന്‍കുന്ന് പഞ്ചായത്തിലെ ചരള്‍,കരിക്കോട്ടക്കരി വാര്‍ഡുകളും കൂട്ടിച്ചേര്‍ത്തു. ഉളിക്കല്‍, അയ്യന്‍കുന്ന് പഞ്ചായത്തുകള്‍ക്ക് നേരിട്ട് ബന്ധമില്ല. ഇവയ്ക്ക് ഇടയിലുള്ള പായം പഞ്ചായത്തിലെ വള്ളിത്തോട് വാര്‍ഡിനെ ഒഴിവാക്കി ബന്ധമില്ലാത്ത പ്രദേശത്തെ ഉള്‍പ്പെടുത്തി. പേരാവൂര്‍ ഡിവിഷനിലെ ആറളത്തിനും കാക്കയങ്ങാടിനും ഇടയിലുള്ള പാലപ്പുഴയെ ഒഴിവാക്കി പരസ്പരം ബന്ധമില്ലാത്ത പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ ഒരു മാനദണ്ഡവും പാലിക്കാതെയുള്ള അശാസ്ത്രീയമായ വാര്‍ഡ് വിഭജനമാണ് നടത്തിയിട്ടുള്ളത്. ഈ പാകപ്പിഴവുകള്‍ പരിഹരിക്കുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ അന്യായത്തിന് കൂട്ടുനില്‍ക്കുക ആയിരുന്നു.
ഭൂമിശാസ്ത്രപരമായി ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളെ കൂട്ടിച്ചേര്‍ത്താണ് വാര്‍ഡ് വിഭജന മാനദണ്ഡമെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ അസംബ്ലി വിഭജനവുമായി ബന്ധപ്പെട്ട 2002 ഡി ലിമിറ്റേഷന്‍ ആക്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇവിടെ അതൊന്നും പാലിക്കപ്പെട്ടില്ല. രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് വാര്‍ഡ് വിഭജനം നടത്തിയത്.