എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് അത്യാവശ്യമായ കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും മികച്ച ഉറവിടമാണ് പാൽ. പാലിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. പാലിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത്രയേറെ ഗുണങ്ങളുള്ള പാലിൽ മായം കലരാനും സാധ്യത ഏറെയാണ്. പാലില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാൻ ചില മാർഗ്ഗങ്ങളിതാ.
യൂറിയ, ഡിറ്റര്‍ജന്റുകള്‍, സോപ്പ്,ഹൈഡ്രജന്‍ പെറോക്‌സൈഡ്,സ്റ്റാര്‍ച്ച്, സോഡിയം ഹെഡ്രഡന്‍ കാര്‍ബണേറ്റ്, ഉപ്പ് തുടങ്ങിയ ദോഷകരമായ വസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ടാവാം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
പാലിലെ യൂറിയ കണ്ടെത്താന്‍
പാലില്‍ ചേര്‍ക്കുന്ന ഒരു പ്രധാന മായമാണ് യൂറിയ. പാലിന് കൊഴുപ്പുണ്ടാകാനും നിറം വര്‍ധിക്കാനും വേണ്ടിയാണ് യൂറിയ ചേര്‍ക്കുന്നത്. ഇത്തരത്തിലുളള മായം കണ്ടുപിടിക്കാന്‍ മാര്‍ഗ്ഗമുണ്ട് . ഒരു ടീസ്പൂണ്‍ പാല്‍ എടുത്ത് ഒരു ടെസ്റ്റ് ട്യൂബിലേക്ക് ഒഴിക്കുക. അതിലേക്ക് അര ടീസ്പൂണ്‍ സോയബീന്‍ പൗഡര്‍ ചേര്‍ക്കുക. അഞ്ച് മിനിറ്റിന് ശേഷം ഒരു ചുവന്ന ലിറ്റ്മസ് പേപ്പര്‍ ഇതിലേക്ക് മുക്കുക. ലിറ്റ്മസ് പേപ്പറിന്റെ നിറം നീലയാണെങ്കില്‍ അതില്‍ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാം.
പാലിലെ വെള്ളം കണ്ടെത്താം
ഒരു മിനുസമുള്ള ചരിഞ്ഞ പ്രതലത്തില്‍ ഒരു തുള്ളി പാല് പുരട്ടുക. ശുദ്ധമായ പാലാണെങ്കില്‍ ഒരു വെളുത്ത അടയാളത്തോടൊപ്പം സാവധാനം ഒഴുകി പോകും. ഒരു അടയാളവും ഇല്ലാതെ ഒഴുകി പോകുന്ന പാലാണെങ്കില്‍ അതില്‍ വെള്ളം കലര്‍ന്നിട്ടുണ്ടാവും.
പാലിലെ ഡിറ്റര്‍ജന്റ് കണ്ടെത്താം
പാലും തുല്യ അളവില്‍ വെള്ളവും എടുക്കുക. മിശ്രിതം നന്നായി കുലുക്കുക. പാലില്‍ ഡിറ്റര്‍ജന്റ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതില്‍ അതില്‍ കട്ടിയുള്ള നുര ഉണ്ടാവും. ശുദ്ധമായ പാലില്‍ നേര്‍ത്ത നുരയുടെ പാളി മാത്രമേ ഉണ്ടാവുകയുളളൂ.
സ്റ്റാര്‍ച്ച് കണ്ടെത്തല്‍
രണ്ടോ മൂന്നോ മില്ലി പാല്‍ 5 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. തണുത്ത ശേഷം രണ്ട് മൂന്ന് തുള്ളി അയോഡിന്‍ ടിന്‍സര്‍ ചേര്‍ക്കുക. നീല നിറം ഉണ്ടെങ്കില്‍ അതില്‍ അന്നജത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് ഉറപ്പിക്കാം.
പാലിലെ അസിഡിറ്റി കണ്ടെത്താം
ഒരു പാത്രത്തില്‍ അഞ്ച് മില്ലി പാല്‍ എടുക്കുക. പിന്നീട് ഇത് തിളച്ച വെള്ളത്തില്‍ അഞ്ച് മിനിറ്റ് വയ്ക്കുക. ശേഷം അനക്കാതെ പാത്രം ചൂടുവെള്ളത്തില്‍നിന്നെടുക്കുക. മായം ചേര്‍ക്കാത്ത പാലില്‍ ചെറിയ കണികകള്‍ പോലും ഉണ്ടാവില്ല. മായം ചേര്‍ത്ത പാലില്‍ അവശിഷിപ്ത കണികകളോ അമ്ലഗന്ധമോ ഉണ്ടായിരിക്കും.