ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയമുള്ള വിഭവമായ ചിക്കൻ കൊണ്ട് രുചികരമായ ഒരു വെറൈറ്റി ഐറ്റം അഫ്ഗാനി ചിക്കൻ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- ചിക്കൻ- ഒന്നേകാൽ കിലോ
- നാരങ്ങ നീര്- ഒന്നര ടേബിൾ സ്‌പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- കുരുമുളകുപൊടി- അര ടീസ്‌പൂണ്‍
- ഛാട്ട് മസാല- അര ടീസ്‌പൂണ്‍
- ഇഞ്ചി- ഒരു വലിയ കഷ്‌ണം
- വെളുത്തുള്ളി -12 അല്ലി
- പച്ചമുളക്- 8 എണ്ണം വലുത്
- അണ്ടിപ്പരിപ്പ്- 100 ഗ്രാം (വെള്ളത്തിൽ കുതിർത്തത്)
- ഫ്രെഷ് ക്രീം- 250 എംഎൽ/ ഒരു കപ്പ്
- മല്ലിയില- ഒരു കപ്പ്
- പുതിനയില- ഒരു കപ്പ്
- സവാള- 2 എണ്ണം ചെറു കഷ്‌ണങ്ങളായി മുറിച്ചത്
- കട്ടിത്തൈര്- ഒരു കപ്പ്
- കസൂരിമേത്തി പൗഡർ- അര ടീസ് പൂണ്‍
- ഗരം മസാലപ്പൊടി- അര ടീസ്‌പൂണ്‍
- ബേലീഫ്- 2 എണ്ണം
- പട്ട- ഒരു വലിയ കഷണം
- ഗ്രാമ്പു- 7 എണ്ണം
- വെണ്ണ- 100 ഗ്രാം
- നെയ്യ്- 100 ഗ്രാം
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിവച്ചിരിക്കുന്ന ചിക്കനിൽ ഉപ്പ്, കുരുമുളകുപൊടി, നാരങ്ങ നീര്, ഛാട്ട് മസാല എന്നിവ ചേർത്ത് പിടിപ്പിച്ച് അര മണിക്കൂറെങ്കിലും മാറ്റി വയ്‌ക്കുക. ശേഷം സവാള, പച്ചമുളക്, വെളുത്തുള്ളി, കുതിർത്ത അണ്ടിപ്പരിപ്പ്, പുതിനയില, മല്ലിയില എന്നിയെല്ലാം ഒരുമിച്ചിട്ട് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് കട്ടിത്തൈര് ചേർത്ത് വീണ്ടും ഒന്ന് നന്നായി അരക്കുക. ഈ അരച്ചെടുത്ത മിശ്രിതം നേരത്തെ മാറ്റിവച്ചിരിക്കുന്ന ചിക്കനിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വീണ്ടും കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇതു മാറ്റിവയ്‌ക്കുക.
ഒരു ഫ്രൈയിങ് പാൻ അടുപ്പത്തുവച്ച് അതിൽ കുറച്ച് വെണ്ണയും നെയ്യും സമാസമം ചേർന്ന മിശ്രിതം തേയ്‌ക്കുക. പാൻ നന്നായി ചൂടായിക്കഴിയുമ്പോൾ മാരിനേറ്റ് ചെയ്‌തുവച്ചിരിക്കുന്ന ചിക്കൻ പീസുകള്‍ പാനിൽ തിരിച്ചും മറിച്ചുമിട്ട് ഗ്രിൽ ചെയ്‌ത് മാറ്റുക. ഇതിലേക്ക് ബേലീഫ്, പട്ട, ഏലക്ക, ഗ്രാമ്പു എന്നിവ ചേർക്കുക. ശേഷം ഇതിലേക്ക് ചിക്കൻ മാരിനേറ്റ് ചെയ്‌ത ഗ്രേവിയുടെ ബാക്കി ചേർക്കുക. ഈ സമയം അര ടീസ്‌പൂണ്‍ ഗരം മസാലപ്പൊടിയും അര ടീസ്‌പൂണ്‍ കസൂരിമേത്തി പൗഡറും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചതിനുശേഷം ചിക്കൻ പീസുകൾ ചേർത്ത് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് ആവശ്യാനുസരണം വേവിക്കുക. രുചികരമായ അഫ്ഗാനി ചിക്കൻ തയ്യാർ.
STORY HIGHLIGHT: