Kerala

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന് ചേരും, ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും

തിരുവനന്തപുരം: ഗോവിന്ദ ചാമി ജയിൽ ചാടിയതിന് പിന്നാലെ സംസ്ഥാനത്തെ ജയിൽ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. 11 മണിക്ക് ഓണ്‍ലൈൻ വഴിയാണ് യോഗം. യോഗത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറി, ജയിൽ മേധാവി, ജയിൽ ഡിഐജിമാർ, സെൻട്രൽ ജയിൽ സൂപ്രണ്ടുമാർ എന്നിവർ പങ്കെടുക്കും. ജയിൽ സുരക്ഷ, ജീവനക്കാരുടെ കുറവ്, തടവുകാരും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഇന്‍റലിജൻസ് നൽകിയിട്ടുള്ള വിവരങ്ങള്‍ എന്നിവയെല്ലാം ചർച്ച ചെയ്യും.

അതേസമയം പത്താം ബ്ലോക്കിലെ 19-ാം സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്നത്. താന്‍ ജയില്‍ ചാടുമെന്ന് ഗോവിന്ദച്ചാമി സഹതടവുകാരോട് പറഞ്ഞിരുന്നു. ജയിലിലെ അഴിയുടെ അടിഭാഗത്തായി കഴിഞ്ഞ 9 മാസങ്ങളായി ഗോവിന്ദച്ചാമി രാകിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് ഇയാളുടെ കുറ്റസമ്മത മൊഴിയിലുണ്ട്. തന്നെ സര്‍ക്കാര്‍ പുറത്തുവിടുമെന്ന് കരുതാത്തതിനാലാണ് ജയില്‍ചാട്ടത്തിനായി തയ്യാറെടുത്തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ജയിലില്‍ മരപ്പണിക്ക് വന്നവരില്‍ നിന്നാണ് ഇയാള്‍ ചില ആയുധങ്ങള്‍ കൈവശപ്പെടുത്തിയത്. മൂന്ന് അഴികള്‍ ഇയാള്‍ ഇത്തരത്തില്‍ രാകിക്കൊണ്ടിരുന്നു.

എല്ലാ ദിവസവും രാത്രി ഇയാള്‍ അഴികള്‍ രാകാറുണ്ടായിരുന്നുവെന്നും ഇന്നലെ രാത്രി 1.30ഓടെയാണ് പണികള്‍ പൂര്‍ത്തിയായതെന്നും കുറ്റസമ്മത മൊഴിയിലുണ്ട്. മൂന്ന് സ്ഥലത്ത് അഴികള്‍ അറുത്തുമാറ്റി ആദ്യം തന്റെ തലയും പിന്നീട് ശരീരവും പുറത്തിട്ടാണ് ഇയാള്‍ രക്ഷപ്പെട്ടത്. തന്റെ തല അഴികളിലൂടെ കടക്കുമോ എന്ന് മുന്‍പ് തന്നെ ഇയാള്‍ പരീക്ഷിച്ച് മനസിലാക്കിയതായും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ജയിലില്‍ നിന്ന് പുറത്തുവന്നശേഷം വാട്ടര്‍ടാങ്കിന് മുകളില്‍ കയറിനിന്ന് തോര്‍ത്തുകള്‍ കെട്ടിയിട്ടാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഇതിനായി രണ്ടുമണിക്കൂറോളം സമയമെടുത്തു. എന്നിട്ടും ജയില്‍ അധികൃതരാരും ഗോവിന്ദച്ചാമിയെ കണ്ടില്ല. പിന്നീട് മുളങ്കമ്പില്‍ തുണി കെട്ടിയാണ് ഇയാള്‍ പുറത്തേക്ക് ചാടുന്നത്.

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷമാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്.