കണ്ണൂർ: വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. കൂത്തുപറമ്പ് കോളയാട് തെറ്റുമ്മൽ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രിയുണ്ടായ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്. ചന്ദ്രനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം തലശ്ശേരി ജനറൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൂന്ന് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. രണ്ട് പേർ ഓടിമാറി. അഗ്നിരക്ഷാ സേന സ്ഥലത്ത് ഉണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി. അതിവേഗതയിൽ വീശിയ കാറ്റാണ് ഇന്നലെ ജില്ലയിൽ ഉണ്ടായത്. തുടർന്ന് വീടിന് സമീപത്തെ മരം ഒടിഞ്ഞു വീഴുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ചുഴലിക്കാറ്റിൽ പ്രദേശത്ത് വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്.