India

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്; ദ്രാസിൽ ഇന്ന് പദയാത്ര

കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആചരിക്കുകയാണ്. കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വർഷം. കാർഗിലെ ദ്രാസിൽ ഇന്ന് പദയാത്ര സംഘടിപ്പിക്കും. ഇന്ത്യൻ സൈനികരുടെ ധീരതയെയും ത്യാഗത്തെയും ഓർമപ്പെടുത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നത്.

യുവ വളണ്ടിയർമാർ, സായുധ സേനാംഗങ്ങൾ, യുദ്ധ സൈനികർ, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവരുൾപ്പെടെ ആയിരത്തിലധികം പേർ പദയാത്രയിൽ അണിനിരക്കും. ശേഷം മന്ത്രിമാരും 100 യുവ വളണ്ടിയർമാരുടെ സംഘവും കാർഗിൽ യുദ്ധ സ്മാരകത്തിൽ സൈനികരുടെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിക്കും.

പഹൽഗാം ആക്രമണത്തിലെ സുരക്ഷാവീഴ്ചയിൽ കേന്ദ്രസർക്കാർ കടുത്ത വിമർശനങ്ങൾ നേരിടുമ്പോഴാണ് ഇത്തവണ രാജ്യം കാർഗിൽ വിജയദിവസ് ആചരിക്കുന്നത്. കാർഗിൽ വിജയദിവസത്തിന്റെ 26 ആം വർഷത്തിലും അതിർത്തി മേഖലകൾ ശാന്തമല്ലെന്ന് മാത്രമല്ല, സുരക്ഷാ വീഴ്ചയുടെ പാഠങ്ങൾ ഉൾക്കൊള്ളാൻ ബി ജെ പി യുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനായിട്ടില്ല. പഹൽഗാമിൽ സുരക്ഷാ വീഴ്ചയിൽ നഷ്ടപ്പെട്ട 26 സാധാരണക്കാരുടെ ജീവന് മറുപടി പറയാൻ പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തര മന്ത്രിയോ തയ്യാറായിട്ടില്ല.

1999 ജൂലൈ 26 നാണ്, ഇന്ത്യൻ സൈന്യത്തെയും സർക്കാർ സംവിധാനങ്ങളെയും വെല്ലുവിളിച്ച പാക് നുഴഞ്ഞുകയറ്റക്കാരെ കാർഗിലിൽ നിന്ന് ഇന്ത്യൻ സൈന്യം തുരത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ, തണുത്തുറഞ്ഞ മഞ്ഞിൽ ഇന്ത്യയുടെ സൈനിക കരുത്ത് പാകിസ്താന്‍ തിരിച്ചറിഞ്ഞ യുദ്ധമായിരുന്നു കാര്‍ഗില്‍.