ഇടുക്കിയില്‍ കാറില്‍ കടത്തുകയായിരുന്ന ആറര കിലോ ഉണക്ക കഞ്ചാവ് പിടികൂടി. സംഭവത്തില്‍ എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ എരമല്ലൂര്‍ മങ്ങാട്ടിലെ എം.കെ. അബ്ബാസ് (52) ആണ് അറസ്റ്റിലായത്. കാറിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഇയാൾ കഞ്ചാവുമായി വന്ന കാറും പിടിച്ചെടുത്തു. ഇയാൾ അടിമാലി-മൂന്നാർ റൂട്ടിൽ പ്രൈവറ്റ് ബസിൽ ചെക്കറായി ജോലി ചെയ്ത് വരികയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു.
ഇതിനിടെ ഒഡീഷയിൽ നേരിട്ട് പോയി കഞ്ചാവ് വാങ്ങി അടിമാലി മേഖലയിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവരുന്ന വഴിയാണ് എക്സൈസ് പിടികൂടിയത്.
എന്നാൽ, ഒഡീഷയിൽ നിന്നും എത്തിച്ച ബാക്കി കഞ്ചാവ് ശേഖരം എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാളോടൊപ്പം കൂടുതൽ സംഘാംഗങ്ങൾ ഉള്ളതായി സൂചനയുണ്ട്.