കൊച്ചി/ ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റാണ് റിലയന്‍സ് ജിയോയെന്നും വരുംകാലങ്ങളില്‍ മികച്ച വളര്‍ച്ചയാകും കമ്പനി രേഖപ്പെടുത്തുകയെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍. പ്രതിഉപഭോക്താവിന്മേലുള്ള ശരാശരി വരുമാനനിരക്കില്‍(എആര്‍പിയു) മിതമായ വര്‍ധനയാണുണ്ടായതെങ്കിലും ജിയോയുടെ ആദ്യപാദഫലത്തില്‍ വരിക്കാരുടെ എണ്ണവും 5ജി ഉപയോക്താക്കളുടെ എണ്ണവും കാര്യമായി വര്‍ധിച്ചെന്ന് പ്രമുഖ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ പ്രതീക്ഷിച്ച വരുമാന വളര്‍ച്ചയേക്കാള്‍ കൂടുതലാണ് ഏപ്രില്‍-ജൂണ്‍ മാസത്തിലെ വരുമാനം. താരിഫ് നിരക്ക് വര്‍ധനയ്ക്ക് ശേഷവും മില്യണ്‍കണക്കിന് പേരാണ് വരിക്കാരായി എത്തിയത്. 5ജി ഉപയോക്താക്കളുടെ എണ്ണം 210 മില്യണ്‍ കവിഞ്ഞു.
എആര്‍പിയു വരുമാനത്തിലെ വളര്‍ച്ചയ്ക്കപ്പുറം മികച്ച സബ്‌സ്‌ക്രൈബര്‍ നിരക്കും EBITDA വര്‍ധനയുമെല്ലാം വരും മാസങ്ങളില്‍ ജിയോയ്ക്ക് വലിയ നേട്ടം നല്‍കുമെന്ന് പ്രമുഖ അനലിസ്റ്റുകളായ യുബിഎസ് വിലയിരുത്തുന്നു.
ഡാറ്റ ട്രാഫിക്കിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, 5ജി മേഖലയില്‍ ജിയോ ലോകത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ്. ജിയോയുടെ പാദഫലങ്ങള്‍ മികച്ചതാണെന്നും ഉപയോക്താക്കളെ ചേര്‍ക്കുന്ന കാര്യത്തിലും ലാഭത്തിലും കമ്പനി മികവ് പുലര്‍ത്തുന്നുവെന്നും യുബിഎസ് പറയുന്നു.
അതേസമയം വരുമാന വളര്‍ച്ച പ്രതീക്ഷിച്ചതിലും എആര്‍പിയു വരുമാനവളര്‍ച്ചയില്‍ നേരിയ വര്‍ധനവാണുണ്ടായതെന്നും സമീപകാലത്തുവന്ന താരിഫ് വര്‍ധനയുടെ ഫലങ്ങള്‍ വരും മാസങ്ങളില്‍ ദൃശ്യമാകുമെന്നും ജെപി മോര്‍ഗന്‍ പറയുന്നു.
എആര്‍പിയു പ്രതീക്ഷിച്ചതിലും കുറവായിരുന്നുവെങ്കിലും ഉപയോക്തൃ വളര്‍ച്ചയും പ്രോഫിറ്റ് മാര്‍ജിനും പോസിറ്റിവാണെന്ന് ജെഫറീസ് ചൂണ്ടിക്കാട്ടുന്നു.
ജിയോ ഉള്‍പ്പടെയുള്ള ടെലികോം, ഡിജിറ്റല്‍ ബിസിനസുകളുടെ മാതൃകമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് ആദ്യപാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 7110 കോടി രൂപയുടെ അറ്റാദായമാണ്. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനമാണ് വര്‍ധന.
കമ്പനിയുടെ ടെലികോം യൂണിറ്റായ റിലയന്‍സ് ജിയോ ഇന്‍ഫോകോം 23.2 ശതമാനം വര്‍ധനയോടെ അറ്റാദായം 6711 കോടി രൂപയിലേക്ക് എത്തിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 16.6 ശതമാനം വര്‍ധനയാണുണ്ടായത്.