Kerala

ശക്തമായ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍

ശക്തമായ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍. കോഴിക്കോട് കല്ലാച്ചിയില്‍ മിന്നല്‍ ചുഴലിയില്‍ വന്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മുകളില്‍ വീണു. ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു. ഇന്നലെ രാത്രിയിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. കൊടിയത്തൂരില്‍ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവെ ട്രാക്കിൽ മരം വീണു ഗതാഗത തടസപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള ജനശദാബ്ദി എക്സ്പ്രസ് ആലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടു. മരം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു.

കോട്ടയത്ത് മറ്റക്കരയില്‍ വീട് തകര്‍ന്നു. ചോറ്റി സ്വദേശി സണ്ണിയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് കേടുപാട് പറ്റി. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. പാലക്കാട് ജില്ലയിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. നെന്മാറയില്‍ വീട് തകര്‍ന്നു. വിത്തനശേരി സ്വദേശി രാമസ്വാമിയുടെ വീടാണ് തകര്‍ന്നത്. മംഗലാം ഡാം ചിറ്റടിയില്‍ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.