തൃശൂർ പൊയ്യ കൃഷ്ണൻകോട്ടയിൽ പാമ്പ് കടിയേറ്റ് മൂന്നുവയസുകാരി മരിച്ച സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് ആന്റിവെനം നൽകാതെ സമയം നഷ്ടപ്പെടുത്തിയതാണ് കണ്ടെത്തൽ. ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ അന്വേഷണ കമ്മിറ്റി ശിപാർശ ചെയ്തിട്ടും ആരോഗ്യവകുപ്പ് മൗനം തുടരുന്നുവെന്ന ആക്ഷേപമുണ്ട്. 2021 മെയ് 24നാണ് കൃഷ്ണൻകോട്ട പാറക്കൽ ബിനോയുടെ മകൾ അൻവറിൻ ബിനോയ് എന്ന മൂന്നുവയസുകാരിയെ കളിച്ചുകൊണ്ടിരിക്കുമ്പോൾ പാമ്പ് കടിച്ചത്. ഉടൻതന്നെ ബിനോയിയുടെ മാതാപിതാക്കൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ കുട്ടിയെ നോക്കാതെ ഡോക്ടർ ആ സമയം മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നുവെന്നാണ് ബിനോയിയുടെ മാതാപിതാക്കളുടെ പരാതി. വിദേശത്തുള്ള ബിനോയിയെ വിളിച്ചു പറഞ്ഞ് ഫോണിൽ ഡോക്ടറോട് സംസാരിച്ചിട്ടും ഡോക്ടർ കുട്ടിയെ പരിഗണിച്ചില്ല. ക്യൂവിൽ നിർത്തി ചീട്ടെടുപ്പിച്ചു തുടങ്ങിയ ഗുരുതരമായ പരാതികളാണ് ആശുപത്രിക്കെതിരെ ഉണ്ടായിരുന്നത്.