india

വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഹൈദരാബാദിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അകന്ന് കഴിയുകയായിരുന്ന ഭാര്യ സമ്മക്ക (35) നെയാണ് ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവ് ശ്രീനുവിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനുവിന്റെ അനന്തരവളായ രാജേശ്വരിയുടെ വീട്ടിൽ വെച്ചാണ് സമ്മക്കയെ കൊലപ്പെടുത്തിയത്. രാജേശ്വരിയുടെ മകളുടെ പിറന്നാൾ ആഘോഷമായിരുന്നു വീട്ടിൽ വെച്ച് നടന്നത്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം ശ്രീനുവും സമ്മക്കയും അകന്നാണ് കഴിഞ്ഞിരുന്നത്. ദാമ്പത്യപ്രശ്നങ്ങളുണ്ടായതിനു പിന്നാലെ സമ്മക്ക താമസം മാറിയിരുന്നു.

കേക്ക് മുറിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു എല്ലാവരും. ചടങ്ങിന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു സമ്മക്ക. ഈ സമയത്ത് ശ്രീനു സമ്മക്കയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. സമ്മക്കയുടെ കഴുത്തിന് മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നാണ് സൂചന. സമ്മക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം നേരത്തെ തന്നെ ശ്രീനുവിനുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ പല പ്രശ്നങ്ങളുമുണ്ടായിരുന്നു.

Latest News