വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് ലക്കിടി വ്യൂപോയിൻറിൽ നിന്നും ചാടിയ യുവാവ് പിടിയിൽ. തിരൂരങ്ങാടി സ്വദേശി ഷഫീക്ക് ആണ് പിടിയിലായത്. ലക്കിടിക്ക് സമീപം കുറ്റിക്കാട്ടിൽ നിന്നാണ് ഷഫീക്കിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കാറിൽ നിന്നും ഇന്നലെ 16 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെ ലക്കിടിയിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന നിലയിൽ ഇയാളെ വൈത്തിരി പൊലീസ് പിടികൂടുകയായിരുന്നു. സംശയം തോന്നി നാട്ടുകാർ വിവരം നൽകിയതിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കോഴിക്കോട് നിന്നും വയനാട്ടിലേക്ക് ലഹരി കടത്തുന്നതിനിടെയാണ് പൊലീസ് പരിശോധന വന്നത്. ഇയാളുടെ കാറിൽ നിന്നും നാല് പാക്കറ്റിലായാണ് ലഹരി കണ്ടെത്തിയത്. നേരത്തെയും ലഹരികേസിൽ പ്രതിയാണ് ഷഫീക്ക്. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെ തുടർന്ന് ലക്കിടി ഗേറ്റിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.