റിയാദ്: മക്കയിലെ 25 ടൂറിസ്റ്റ് ഹോട്ടലുകൾ ടൂറിസം മന്ത്രാലയം അടച്ചുപൂട്ടി. അറ്റകുറ്റപ്പണികൾ നടത്താതിരിക്കുക, താമസിക്കാനെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ച, ടൂറിസം മന്ത്രാലയത്തിെൻറ ലൈസൻസില്ലാതെ പ്രവർത്തിക്കുക, ശുചിത്വം പാലിക്കാതിരിക്കുക തുടങ്ങിയവയാണ് അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ കണ്ടെത്തിയ വീഴ്ചകൾ.
ഈ മാസം മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങൾ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്. തീർഥാടകരും ടൂറിസ്റ്റുകളുമായ അതിഥികളെ സ്വീകരിക്കുന്നതിന് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ആവശ്യമായ ലൈസൻസുകൾ നേടിയിട്ടുണ്ടെന്നും ഉറപ്പാക്കുന്നതിനാണ് പരിശോധന. മക്കയിലെ സന്ദർശകർക്കും തീർഥാടകർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള മന്ത്രാലയത്തിൻറെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് നടപടിഎല്ലാ വിനോദസഞ്ചാര താമസകേന്ദ്രങ്ങളും ടൂറിസം സംവിധാനവും എക്സിക്യൂട്ടീവ് ചട്ടങ്ങൾ കർശനമായി പാലിക്കണം. നടത്തിപ്പിനാവശ്യമായ ലൈസൻസുകൾ നേടണം. ഈ നിയന്ത്രണങ്ങൾ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സന്ദർശകരുടെയും തീർഥാടകരുടെയും സുരക്ഷയും സംതൃപ്തിയും വർധിപ്പിക്കുന്നതിനും സഹായിക്കാനാണെന്നും മന്ത്രാലയം വ്യക്തമാക്കി.