വെള്ളപ്പൊക്കത്തെയും ചുഴലിക്കാറ്റിനെയും കാറ്റിൽപ്പറത്തി ഒരു കല്യാണം. ഫിലിപ്പീൻ സ്വദേശികളായ ജേഡ് റിക്ക് വെർഡിലോയും ജമൈക്ക അഗുയ്‌ലറും വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ പള്ളിക്ക് നടുവിൽ ആണ് ദമ്പതികൾ വിവാഹിതരായത്.
വിഫ ചുഴലിക്കാറ്റിനെ തുടർന്ന് ഫിലിപ്പീൻസിൽ ശക്തമായ മഴയാണ്. തുടർന്ന് രാജ്യത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പലരും വിവാഹവും മറ്റ് ആഘോഷങ്ങളും മാറ്റിവച്ചു. എന്നാൽ ഇതൊന്നും കണ്ട് പിന്മാറാൻ ജേഡും ജമൈക്കയും തയാറായില്ല. പ്രസിദ്ധമായ ബരാസൊവൈൻ പള്ളിയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.
മുട്ടറ്റം വെള്ളത്തിൽ വിവാഹവേഷത്തിൽ നടന്നു നീങ്ങുന്ന നവദമ്പതികളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. പ്രതികൂല സാഹചര്യങ്ങൾക്കു പോലും യഥാർഥ പ്രണയത്തെ തകർക്കാനാകില്ല എന്നിങ്ങനെയുള്ള കമന്റുകളും എത്തി. വെള്ളത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
പത്തുവർഷത്തോളമായി ഒരുമിച്ചാണ് ഇരുവരും. ഇതുവരെ നേരിട്ട വെല്ലുവിളികളിൽ ഒന്നുമാത്രമാണിതെന്നും വെല്ലുവിളികൾ അവസാനിച്ചതായി കരുതുന്നില്ലെന്നും ജേഡും ജമൈക്കയും പ്രതികരിച്ചു. ഈ സാഹചര്യത്തിലും വിവാഹത്തിൽ പങ്കെടുക്കാനായി ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. ഇത്തരം വിവാഹം അസാധാരണമാണെന്നായിരുന്നു അതിഥികളിൽ പലരും പ്രതികരിച്ചത്.