ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങള്‍ (സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ്) സ്ഥാപിച്ചുകൊണ്ട്, കേരളം അക്കാദമിക്, ഗവേഷണ മേഖലകളില്‍ ആഗോള തലത്തില്‍ തന്നെ സാന്നിധ്യമുറപ്പിക്കുകയാണ്. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ (KSHEC) മേല്‍നോട്ടത്തില്‍ പത്ത് പുതിയ മികവിന്റെ കേന്ദ്രങ്ങളാണ് വിപുലമായ അക്കാദമിക്, ഗവേഷണ പ്രവര്‍ത്തനങ്ങളിലേക്കു കടക്കുന്നത്. ഗവേഷണം, നൂതന പഠനരീതികള്‍, ഭാഷാവികസനം, ലിംഗസമത്വം, തദ്ദേശീയ ജനവിഭാഗങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവ കേരളത്തെ ആഗോള പഠന ഹബ്ബാക്കി മാറ്റുന്നതിനുള്ള സര്‍ക്കാര്‍ കുതിപ്പിന്റെ പ്രധാന ഘടകങ്ങളാകും.
മികവിന്റെ കേന്ദ്രങ്ങളില്‍ ആദ്യത്തേത് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ടീച്ചിങ്, ലേണിങ് ആന്‍ഡ് ട്രെയിനിങ് ആണ്. അധ്യാപകഅനധ്യാപക പരിശീലനം, പാഠ്യപദ്ധതി രൂപകല്‍പന, ടെക്‌നോളജി അധിഷ്ഠിത ബോധനം എന്നിവയില്‍ ഈ കേന്ദ്രം ഊന്നല്‍ നല്‍കും. ഗവേഷണത്തിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നയരൂപീകരണത്തിന് സഹായമുറപ്പാക്കുന്ന ഈ കേന്ദ്രത്തിന്റെ ആസ്ഥാനം തിരുവനന്തപുരത്തെ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലാണ്.
കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ (KISTI) ശാസ്ത്ര ഗവേഷണം, ട്രാന്‍സ്ലേഷണല്‍ ഗവേഷണം തുടങ്ങിയ മേഖലകളില്‍ പ്രതിഭകളെ കണ്ടെത്തി അവരുടെ സേവനം പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള മികവിന്റെ കേന്ദ്രമാണ്. ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹകരണത്തോടെ നാനോ ടെക്‌നോളജി, റോബോട്ടിക്‌സ്, ബിഗ് ഡാറ്റ തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന് ഊന്നല്‍ നല്‍കുന്നു. മഹാത്മാഗാന്ധി സര്‍വകലാശാലയാണ് ഇതിന്റെ ആസ്ഥാനം.
കേരളത്തിന്റെ ചരിത്രം, സമൂഹം, സംസ്‌കാരം എന്നിവയില്‍ റെസിഡന്‍ഷ്യല്‍ ഗവേഷണത്തിന് പ്രാധാന്യം നല്‍കുന്നതാണ് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (KIAS). ഐഐഎഎസ് മാതൃകയില്‍ ഹ്യുമാനിറ്റീസിലും സാമൂഹ്യശാസ്ത്രത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രത്തിന്റെ ആസ്ഥാനം മൂന്നാറാണ്. കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ റിസര്‍ച്ച്‌സപ്പോര്‍ട്ട് ഇന്‍ ഹയര്‍ എഡ്യൂക്കേഷന്‍ (ഗചഞടഒഋ) ഗവേഷണ ശൃംഖലയും ഉപകരണ പങ്കുവയ്പ്പും പ്രോത്സാഹിപ്പിക്കുന്നു. സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ലാബുകളും അക്കാദമിക് കമ്പ്യൂട്ടിങ് സൗകര്യങ്ങളും നല്‍കുന്ന ഇത് വ്യാവസായികഅക്കാദമിക് സഹകരണം വര്‍ധിപ്പിക്കും. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ജെന്‍ഡര്‍ ഇക്വാളിറ്റി (ഗകഏഋ) കേന്ദ്രം ജെന്‍ഡര്‍ പഠനങ്ങള്‍, ജന്‍ഡര്‍ പഠന കേന്ദ്രങ്ങള്‍ തമ്മിലുള്ള സഹകരണമൊരുക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആസ്ഥാനം ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയാണ്. കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക് (KLN) ഭാഷാപഠനം, വിവര്‍ത്തനം, വിദേശഭാഷാ പരിശീലനം എന്നിവയിലൂന്നി പ്രവര്‍ത്തിക്കും. മലയാളത്തെ വിജ്ഞാന ഭാഷയാക്കി വികസിപ്പിക്കാനും ലക്ഷ്യമിടുന്ന ഇന്‍സ്റ്റിറ്റിയൂട്ട് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ആസ്ഥാനമായി പ്രവര്‍ത്തിക്കും.
സെന്റര്‍ ഫോര്‍ ഇന്‍ഡിജനസ് പീപ്പിള്‍സ് എഡ്യൂക്കേഷന്‍ (CIPE) തദ്ദേശീയ ജനതയുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നത്തിനും ലക്ഷ്യമിടുന്നു. ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ആദിവാസി പഠനകേന്ദ്രവുമായി സംയോജിപ്പിച്ചാണ് നടത്തുന്നത്. കേരള നോളജ് കണ്‍സോര്‍ഷ്യം (KKC) വിജ്ഞാന സമൂഹം കെട്ടിപ്പടുക്കാനും അക്കാദമിക്‌വ്യവസായസാമൂഹ്യ സഹകരണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിന്റെ ആസ്ഥാനം കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലാണ്. കേരള സെന്റര്‍ ഫോര്‍ അനലിറ്റിക്കല്‍ സര്‍വീസസ് (KCAS) സംസ്ഥാനത്തെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സമഗ്രമായ സാങ്കേതിക പിന്‍തുണയും ഗവേഷണ സഹായവും നല്‍കും. ഗവേഷണത്തിനും പ്രായോഗിക ഭരണത്തിനും ഇടയില്‍ പാലമായി വര്‍ത്തിച്ച് ഭരണരംഗത്ത് ഫലപ്രദമായ പൊതുനയങ്ങള്‍ രൂപപ്പെടുത്തുന്നതിനു സഹായകരമായി പ്രവര്‍ത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് പോളിസി സ്റ്റഡീസ് (KIPS) പ്രവര്‍ത്തിക്കും.