ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷകനായ ഷെങ്ജിയ ഷാവോയെ മെറ്റയുടെ സൂപ്പര്‍ ഇന്റലിജന്‍സ് ലാബിന്റെ മേധാവിയായി മാര്‍ക്ക് സക്കര്‍ബര്‍ഗ് നിയമിച്ചു. ത്രെഡ്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് സക്കര്‍ബര്‍ഗ് ഷാവോയെ സൂപ്പര്‍ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ച വിവരം അറിയിച്ചത്.
ഓപ്പണ്‍ എഐ വിട്ട ഷാവോ 2025 ജൂണിലാണ് മെറ്റ സൂപ്പര്‍ ഇന്റലജിന്‍സ് ലാബിലെ ചീഫ് സൈന്റിസ്റ്റായി ചുമതലയേറ്റത്. മെറ്റയുടെ ചീഫ് എഐ ഓഫീസര്‍ അലക്‌സാണ്ടര്‍ വാങിന് കീഴില്‍ ലാബിന്റെ ഗവേഷണ ജോലികള്‍ക്കും ശാസ്ത്രീയ നയരൂപീകരണങ്ങള്‍ക്കും ഷാവോ നേതൃത്വം നല്‍കും.
ഓപ്പണ്‍ എഐയില്‍ ചാറ്റ് ജിപിടിയുടെ നിര്‍മാണ ജോലികളില്‍ പങ്കാളിയായ് വ്യക്തിയാണ് ഷെങ്ജിയ ഷാവോ. സ്‌കെയില്‍ എഐയുടെ സിഇഒ ആയിരുന്നയാളാണ് ഇപ്പോള്‍ മെറ്റയുടെ ചീഫ് എഐ ഓഫീസറായ അലക്‌സാണ്ടര്‍ വാങ്. അദ്ദേഹവും 2025 ജൂണിലാണ് മെറ്റയിലെത്തിയത്. ഓപ്പണ്‍ എഐയില്‍ നിന്ന് ഷാവോ ഉള്‍പ്പടെ നിരവധി എഐ വിദഗ്ധര്‍ മെറ്റയിലേക്ക് വന്നിട്ടുണ്ട്.
മനുഷ്യബുദ്ധിക്കൊപ്പം നില്‍ക്കുന്നതോ അതിനെ മറികടക്കുന്നതോ ആയ അത്യാധുനിക എഐ മോഡലുകള്‍ വികസിപ്പിക്കാനുള്ള ലക്ഷ്യവുമായാണ് മെറ്റ സൂപ്പര്‍ ഇന്റലിജന്‍സ് ലാബിന് തുടക്കമിട്ടത്.