സംഗീതബാന്‍ഡായ കോൾഡ്‌പ്ലേയ്‌ക്കും പരിപാടിയുടെ സംഘാടകർക്കുമെതിരെ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുന്നതായി അസ്ട്രോണമർ മുൻ സിഇഒ ആന്‍ഡി ബൈറണ്‍. സ്വകാര്യതയിലേക്ക് കടന്നുകയറി, തന്നെ വൈകാരികമായി തകർത്തു, എന്നീ കാര്യങ്ങള്‍ ആരോപിച്ചു കൊണ്ടാണ് ആന്‍ഡി രംഗത്ത് വന്നിരിക്കുന്നത്.
കോള്‍ഡ്‌പ്ലേയുടെ സംഗീതപരിപാടിക്കിടെ, അന്ന് സിഇഒയായിരുന്ന ആന്‍ഡി ബൈറണും കമ്പനിയിലെ എച്ച്ആര്‍ വിഭാഗം മേധാവി ക്രിസ്റ്റിന്‍ കബോട്ടും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അസ്‌ട്രോണമര്‍ ആന്‍ഡിയെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് അദ്ദേഹം സിഇഒ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം ഇപ്പോള്‍ കോള്‍ഡ്‌പ്ലേയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നത്.
അനുവാദമില്ലാതെയാണ് തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും അത് ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് തന്നെ പരസ്യമായി അപമാനിച്ചുവെന്നും ആന്‍ഡി പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, തന്നെ വെറും ‘മീമാ’ക്കി മാറ്റിയെന്നാണ് അദ്ദേഹം കരുതുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
വാര്‍ത്തയോട് കോള്‍ഡ്‌പ്ലേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം വാര്‍ത്തകേട്ട് കോള്‍ഡ്‌പ്ലേയുടെ ഭാഗമായ ക്രിസ് മാര്‍ട്ടിന്‍ പൊട്ടിച്ചിരിച്ചുവെന്നാണ് ബാന്‍ഡുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നിരവധി ക്യാമറകളും പതിനായിരക്കണക്കിന് ആളുകളുമുള്ള പൊതുപരിപാടിയില്‍ സ്വകാര്യതയ്ക്ക് പ്രാധാന്യമില്ലെന്നും കുറ്റം മറ്റുള്ളവരുടെ തലയില്‍ ചാര്‍ത്താനാണ് ആന്‍ഡി ബൈറണ്‍ ശ്രമിക്കുന്നതെന്നുമാണ് ഇതേക്കുറിച്ച് നിയമവിഗദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞയാഴ്ചയാണ് കോള്‍ഡ്‌പ്ലേ കണ്‍സര്‍ട്ടിനിടെ വലിയ വിവാദമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയായ അസ്‌ട്രോണമറിന്റെ സിഇഒ ആന്‍ഡി ബൈറണും കമ്പനിയുടെ എച്ച്ആര്‍ മേധാവി ക്രിസ്റ്റിന്‍ കബോട്ടും പരസ്പരം ചേര്‍ത്തുപിടിച്ച് സംഗീതപരിപാടി ആസ്വദിക്കുന്ന ദൃശ്യം ലൈവ് വീഡിയോയില്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ക്യാമറയില്‍ തങ്ങള്‍ പതിഞ്ഞുവെന്ന് മനസിലായതോടെ ഇരുവരും ഒളിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ക്രിസ്റ്റീന്‍ കബോട്ട് നാണിച്ച് മുഖം മറയ്ക്കുന്നതും വീഡിയോയിലുണ്ടായിരുന്നു.
ഇരുവരേയും ആദ്യം വീഡിയോയില്‍ കാണുമ്പോള്‍ സ്റ്റേജിലുണ്ടായിരുന്ന കോള്‍ഡ് പ്ലേയുടെ ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ ‘ഇവരെ രണ്ടു പേരേയും നോക്കൂ’ എന്ന് പറയുന്നുണ്ട്. എന്നാല്‍, ആന്‍ഡി ബൈറണും ക്രിസ്റ്റീന്‍ കബോട്ടും ഒളിക്കാന്‍ ശ്രമിച്ചപ്പോള്‍ ‘അവര്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരിക്കാം, അല്ലെങ്കില്‍ നാണംകൊണ്ടായിരിക്കാം’ എന്നും ക്രിസ് മാര്‍ട്ടിന്‍ പറയുന്നത് വീഡിയോയിലുണ്ട്. പിന്നീട് ഇത് അബദ്ധമായി എന്ന് മനസിലായപ്പോള്‍ ‘ഞങ്ങള്‍ എന്തെങ്കിലും തെറ്റായി ചെയ്തിട്ടില്ലെന്ന് കരുതുന്നു’വെന്നാണ് ക്രിസ് മാര്‍ട്ടിന്‍ പ്രതികരിച്ചത്.