കൊഴുപ്പ് ഇല്ലാതാക്കാനും സ്ട്രെസ്സ് കുറയ്ക്കാനും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും രാത്രിയിൽ ഇളംചൂടുള്ള നാരങ്ങാവെള്ളം, കറുവാപ്പട്ട വെളളം, ഉലുവ വെള്ളം തുടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് വളരെ നല്ലതാണ്. ഇത്തരത്തിൽ ആരോഗ്യമേകുന്ന ചില പാനീയൾ പരിചയപ്പെടാം.
ഇളംചൂടുള്ള നാരങ്ങാവെള്ളം
നാരങ്ങാവെള്ളത്തിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഇത് ഉപാപചയപ്രവർത്തനം വർധിപ്പിക്കും. രാത്രി കിടക്കും മുൻപ് ഇളംചൂടു വെള്ളത്തിൽ നാരങ്ങാചേർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ദഹനം മെച്ചപ്പെടുത്താനും രാത്രി കൊഴുപ്പിനെ ഇല്ലാതാക്കാനുള്ള ശരീരത്തിന്റെ കഴിവ് കൂട്ടാനും സഹായിക്കും. സ്വന്തം ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് ഒരു ഡോക്ടറിന്റെ നിർദേശപ്രകാരം ഈ പാനീയം ശീലമാക്കുന്നതാണ് നല്ലത്.
കറുവാപ്പട്ട വെളളം
കറുവാപ്പട്ടയ്ക്ക് ആന്റിഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊഴുപ്പ് ശേഖരിക്കുന്നത് കുറയ്ക്കാനും സഹായിക്കും. കറുവാപ്പട്ട ചേർത്ത ഇളം ചൂട് വെളളം രാത്രി കുടിക്കുന്നത് കാലറി ബേൺ ചെയ്യാൻ സഹായിക്കും.
ഉലുവ വെള്ളം
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഉലുവ സഹായിക്കും. ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായകമാകും.
കമൊമൈൽ ടീ
സ്ട്രെസ്സ് കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും കമൊമൈൽ ടീ സഹായിക്കും. ഇത് ശരീരത്തെ ശാന്തമാക്കുകയും കൊഴുപ്പിന്റെ ശേഖരണവുമായി ബന്ധപ്പെട്ട കോർട്ടിസോൾ ഹോർമോണിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. നല്ല ഉറക്കം ലഭിച്ചാൽ കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനവും ഫലപ്രദമായി നടക്കും.
മഞ്ഞൾ ചേർത്ത പാൽ
മഞ്ഞളിൽ ശക്തിയേറിയ ആന്റിഇൻഫ്ലമേറ്ററി സംയുക്തമായ കുർക്കുമിൻ ഉണ്ട്. ഇത് ഉപാപചയ പ്രവർത്തനം വർധിപ്പിക്കും. രാത്രിയിൽ ചൂടുള്ള പാൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ഇൻഫ്ലമേഷൻ അഥവാ വീക്കം കുറയ്ക്കുകയും രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.
അയമോദക വെള്ളം
ദഹനം മെച്ചപ്പെടുത്താനും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും അയമോദകം (ajwain) സഹായിക്കും. അയമോദകവെള്ളം ദഹനത്തിന് സഹായിക്കുന്നതോടൊപ്പം വയറു കമ്പിക്കലും (bloating), വായു കോപവും (gas) തടയുന്നു. രാത്രി ഉറങ്ങാൻ കിടക്കും മുൻപ് പതിവായി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കറ്റാർവാഴ ജ്യൂസ്
കറ്റാർവാഴ, ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും സഹായിക്കും. രാത്രി കിടക്കും മുൻപ് കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരത്തെ ക്ലെൻസ് ചെയ്യാനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കും. ചർമത്തിനും ദഹനവ്യവസ്ഥയ്ക്കും ആരോഗ്യമേകാനും കറ്റാർവാഴയ്ക്ക് കഴിയും.