ന്യൂഡൽഹി: ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. തീവ്രഹിന്ദുത്വ സംഘടനകളുടെ സമ്മർദത്തെത്തുടർന്ന് കെട്ടിച്ചമച്ച കേസാണെന്ന് ക്രിസ്ത്യൻ സംഘടനകൾ അറിയിച്ചു.
സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി ദുർഗിൽ നിന്ന് 3 പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനാണ് ഇവർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പെൺകുട്ടികളും അതിലൊരാളുടെ സഹോദരനും അവിടെ എത്തിയിരുന്നു. പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ റെയിൽവേ അധികൃതർ കുട്ടികളെ ചോദ്യം ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥരിൽ ആരോ ഒരാൾ തീവ്രഹിന്ദുത്വ സംഘടനകളിൽപ്പെട്ട ചിലരെ വിളിച്ചുവരുത്തിയെന്നാണ് ആരോപണം.
നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് ബജ്‌റങ്ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുയർത്തി കന്യാസ്ത്രീകളെ തടഞ്ഞുവയ്ക്കുകയായിരുന്നു.
രണ്ട് കന്യാസ്ത്രീകളും ഒരു സഹായിയും ആയിരുന്നു ഉണ്ടായിരുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും ഒരു ആശുപത്രിയിലെ ജോലിക്കായാണ് എത്തിയതെന്നും പെൺകുട്ടികൾ പറഞ്ഞു. കൂടാതെ മാതാപിതാക്കളിൽ നിന്നുള്ള സമ്മതപത്രവും തിരിച്ചറിയൽ രേഖകളും പെൺകുട്ടികൾ കാണിച്ചു. എന്നാൽ ബജ്റംഗ്‍ദൾ പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൂന്ന് പെൺകുട്ടികളെ വനിതാ ക്ഷേമ സംരക്ഷണം സമിതിയുടെ സംരക്ഷണയിലാക്കി.