Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നാശം

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴയിൽ മലയോര മേഖലയിലടക്കം വിവിധ ജില്ലകളിൽ വ്യാപക നാശം. കനത്ത മഴക്കിടെ ഇടുക്കി മൂന്നാർ ദേശീയപാതയിൽ മണ്ണിടിഞ്ഞ് ലോറി കൊക്കയിലേക്ക് പതിച്ച് ഡ്രൈവർ മരിച്ചു. മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. മൂന്നാറിൽ മുമ്പ് മണ്ണിടിച്ചിലുണ്ടായ സ്ഥലത്താണ് ഇന്നലെ രാത്രി ലോറി അപടത്തിൽപ്പെട്ടത്. ഗണേഷിനെ കൊക്കയിൽ നിന്ന് ഫയർഫോഴ്‌സ് പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നാർ ഗവൺമെൻറ് കോളേജിന് സമീപമാണ് അപകടം.

വിവിധ ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഒൻപതാം വളവിന് താഴെ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചതിനെ തുടര്‍ന്ന് താമരശേരി ചുരത്തിൽ ഗതാഗത തടസമുണ്ടായി. ഫയർഫോഴ്സ് എത്തി നീക്കം ചെയ്യാൻ ശ്രമം തുടങ്ങി. നാലാം വളവിൽ റോഡിലേക്ക് മരം വീണു. ചുരം സംരക്ഷണ പ്രവർത്തകർ മരം മുറിച്ചു മാറ്റി. പാലക്കാട് പലയിടത്തും നെൽപാടങ്ങൾ വെള്ളത്തിനടിയിലായി. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് നീളം പാറ കമലയുടെ വീടിന് മുകളിൽ തെങ്ങ് വീണു. അർധരാത്രിയാണ് സംഭവം. ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. കുട്ടികളടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഉരുൾ പൊട്ടിയതായി സംശയമുള്ള കണ്ണൂർ ആറളം പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ വെള്ളം കയറി. 50ലധികം വീടുകളിലാണ് വെള്ളം കയറിയത്. ആളുകളെ മാറ്റിപ്പാർപ്പിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി – മുണ്ടയാംപറമ്പ് മേഖലയിലും വെള്ളം കയറി. കണ്ണൂർ പഴശ്ശി, കോഴിക്കോട് കക്കയം ഡാമുകൾ തുറന്നേക്കും. താഴെ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.