തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശ്രുതി ഹാസന്‍. കൂലി ആണ് ശ്രുതിയുടേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം. രജനികാന്ത് – ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തുന്ന ചിത്രം ഓഗസ്റ്റിലാണ് റിലീസിനെത്തുന്നത്. കമൽ ഹാസൻ നായകനായെത്തിയ തഗ് ലൈഫ് എന്ന ചിത്രത്തിനായി ശ്രുതി ഹാസൻ പാടിയ പാട്ട് വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ തുടക്ക നാളുകളില്‍ തൻ്റെ ശബ്ദത്തെ അംഗീകരിക്കാന്‍ സിനിമ ഇന്‍ഡസ്ട്രി തയ്യാറായിരുന്നില്ലെന്ന് തുറന്ന് പറയുകയാണ് ശ്രുതി ഹാസന്‍. താരത്തിന് തമിഴില്‍ ശബ്ദത്തിന് വലിയ ട്രോളാണ് ലഭിച്ചതെന്നും അതുകൊണ്ട് തന്നെ സ്വന്തമായി ഡബ്ബ് ചെയ്യുന്നത് വളരെ കുറവായിരുന്നെന്നും ശ്രുതി പറഞ്ഞു.
അതേസമയം ഹിന്ദി സിനിമാ ഇന്‍ഡസ്ട്രിയും പ്രേക്ഷകരും തന്റെ ശബ്ദത്തെ സ്വീകരിച്ചെന്നും ശ്രുതി ഹാസന്‍ പറഞ്ഞു. നടി കേന്ദ്ര കഥാപാത്രങ്ങളിലൊരാളായി എത്തുന്ന കൂലി എന്ന ചിത്രത്തിൻ്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രുതി ഇക്കാര്യം തുറന്ന് പറഞ്ഞത്.
തമിഴിലെ എന്റെ തുടക്കനാളുകളില്‍ ശബ്ദത്തിന്റെ പേരില്‍ ഞാന്‍ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ഡീപ്പ് ആയ ശബ്ദമായിരുന്നതായിരുന്നു കാരണം. എന്നാല്‍ ഹിന്ദിയിലുള്ളവര്‍ക്ക് എന്റെ ശബ്ദം ഓകെ ആയിരുന്നു. കാരണം അവര്‍ക്ക് അത്തരം ഡീപ്പും ഡിഫറന്റുമായ ശബ്ദങ്ങള്‍ ഓകെ ആണ്. തെലുങ്കില്‍ എന്റെ ശബ്ദത്തെ സ്വീകരിക്കണമോ വേണ്ടയോ എന്ന കണ്‍ഫ്യൂഷന്‍ ആയിരുന്നു. നാഗ് അശ്വിനാണ് തെലുങ്കില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ ആദ്യമായി അവസരം നല്‍കുന്നത്. പിന്നീട് മറ്റുള്ളവരും ഓകെ ആയി. സലാറിലും എനിക്ക് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാനായി. വീരസിംഹ റെഡ്ഡിയിലും ഡബ്ബ് ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷെ നടന്നില്ല. കൂലിയില്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്- ശ്രുതി ഹാസന്‍ പറഞ്ഞു.