കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ചയോ വ്യാഴാഴ്ചയോ നാട്ടിലെത്തിക്കാനാകുമെന്ന് കുടുംബം അറിയിച്ചു. ഷാർജയിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നത് ആണ് വൈകാൻ കാരണമെന്ന് അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള വ്യക്തമാക്കി.
ജൂലൈ 19 നാണ് അതുല്യയെ ഷാർജയിലെ ഫ്‌ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ അല്ല കൊലപാതകം ആണെന്ന് കാണിച്ച് കുടുംബം ഷാർജയിലും, നാട്ടിലും നിയമനടപടി സ്വീകരിച്ചിരുന്നു. മരണകാരണം സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട് ഇതുവരെയും ലഭിച്ചിട്ടില്ല. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലഭിക്കണം. അതുല്യയുടെ ശരീരത്തിൽ കണ്ട പാടുകൾ സംബന്ധിച്ചു വിശദ പരിശോധന നടത്തും. ഇതൊക്കെ പൂർത്തിയാക്കിയ ശേഷം ആകും മൃതദേഹം നാട്ടിൽ എത്തിക്കുക.
ഭർത്താവ് സതീഷിന്റെ ഉപദ്രവമാണ് മരണ കാരണമെന്ന് കുടുംബം പരാതി നൽകിയിരുന്നു. മകൾക്ക് നീതി ലഭിക്കണം എന്നതാണ് കുടുംബത്തിന്റെ ആവശ്യം. അമ്മയുടെ പരാതിയിൽ സതീഷിന് എതിരെ കൊലപാതകം, ഗാർഹിക, സ്ത്രീപീഡന നിയമപ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിച്ചു ആവശ്യമെങ്കിൽ റീ പോസ്റ്റ്‌മോർട്ടം നടത്തും.