കണ്ണൂർ: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയിൽച്ചാട്ടത്തിൽ മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണ നിഗമനമാണ് പുറത്തുവന്നത്. നാല് സഹതടവുകാർക്ക് ജയിൽ ചാടുന്നത് അറിയാമെന്നും കണ്ടെത്തൽ.
സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജയിൽ ചാടാൻ താമസിച്ചത് മറ്റ് സഹായങ്ങൾ ഇല്ലാത്തതുകൊണ്ടെന്നാണ് കണ്ടെത്തൽ. ജയിലിന് പുറത്തും സഹായം ലഭിച്ചില്ലെന്നും പൊലീസ് കണ്ടെത്തലിലുണ്ട്. വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസ് തടവുകാരുടെ പട്ടിക തയ്യാറാക്കി.
ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. അതേസമയം, ഗോവിന്ദച്ചാമിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു. ജയിൽ സെല്ല് തകർത്തതിൽ പിഡിപിപി വകുപ്പ് ചുമത്തി.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. റിട്ടയർഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് അന്വേഷണം നടത്തുക. നിലവിലെ അന്വേഷണത്തിന് പുറമെയാണ് പുതിയ അന്വേഷണം.