യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴ ലഭിച്ചു. പലയിടങ്ങളിലും മഴ പെയ്തത് വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകി. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻഎംസി) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, അൽ ഐനിൽ മേഘങ്ങൾ രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണമായത്.
അൽ ഐനിലും ഖത്ം അൽ ശിഖ് ലയിൽ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴ പെയ്തു. അൽ ഐനിലും സമീപ പ്രദേശങ്ങളിലും കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെട്ടതോടെ ദേശീയ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു. തിങ്കളാഴ്ച വരെ മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജാഗ്രത പാലിക്കാൻ അധികൃതർ നിവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അബുദാബിയിലെ അധികൃതർ താഴ്വരകളിലേക്ക് പോകുന്നത് ഒഴിവാക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവർ കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് വേഗത കുറയ്ക്കാനും ശ്രദ്ധയോടെ ഡ്രൈവ് ചെയ്യാനും നിർദേശിച്ചു.