Kerala

ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം; സുരേഷ് കുറുപ്പിനെ തളളി കടകംപളളി സുരേന്ദ്രന്‍ | Kadakampalli Surendran

തിരുവനന്തപുരം: ആലപ്പുഴ സമ്മേളനത്തില്‍ വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് വനിതാ യുവ നേതാവ് പറഞ്ഞിരുന്നെന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പിന്റെ വാദം തളളി മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍.

ആലപ്പുഴ സമ്മേളനത്തില്‍ പങ്കെടുത്തയാളാണ് താനെന്നും അത്തരം പരാമര്‍ശം എവിടെയും കേട്ടിട്ടില്ലെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. എം സ്വരാജിനെ കരിവാരി തേക്കാനുളള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സ്വരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുളള ശ്രമമാണ് നടക്കുന്നത്. ഇത് എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നത് അത്ഭുതകരമാണ്. വിഷയത്തില്‍ സ്വരാജ് അന്നുതന്നെ വിശദീകരണം തന്നതാണ്. വി എസിനെ മാതൃകാ പുരുഷനായി കണ്ടാണ് സ്വരാജ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. വിവാദം ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് സ്വരാജിനെ കരിവാരിത്തേക്കാനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തന്നെ വ്യക്തത വരുത്തിയതാണ്. ഇനി അതിന്റെ ആവശ്യമില്ല’- കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് ചോദിക്കുമ്പോള്‍ മിനിറ്റ്‌സ് കൊടുക്കലല്ല തങ്ങളുടെ പണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.