ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റുകളിൽ മികച്ച വിജയം കൈവരിച്ച് നിസാൻ മാഗ്നൈറ്റ്. നിലവിൽ ഗ്ലോബൽ എൻസിഎപി പരിശോധനാ മാനദണ്ഡങ്ങൾക്ക് കീഴിൽ മുതിർന്നവർക്കുള്ള സുരക്ഷാ റേറ്റിങ്ങിൽ ഫൈവ് സ്റ്റാർ നേടിയ ദക്ഷിണാഫ്രിക്കയിൽ വിൽക്കുന്ന ആദ്യത്തെ വാഹനമായും നിസാൻ മാഗ്നൈറ്റ് മാറി.
മുതിർന്ന യാത്രക്കാർക്കുള്ള സുരക്ഷാ റേറ്റിങ്ങിൽ ഫൈവ് സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തിന് ത്രീ സ്റ്റാറുമാണ് മാഗ്‌നൈറ്റിന് ലഭിച്ചിരിക്കുന്നത്. മുതിർന്നവരുടെ സുരക്ഷയിൽ 34 ൽ 32.31 മാർക്കും നേടി അഞ്ച് സ്റ്റാർ കരസ്തമാക്കിയപ്പോൾ കുട്ടികളുടെ സുരക്ഷയിൽ 49 ൽ 33.64 മാർക്കും മാഗ്‍നൈറ്റിന് ലഭിച്ചു.
ഇന്ത്യയിൽ നിർമിച്ച് ദക്ഷിണാഫ്രിക്കയിലേയ്ക്കും മറ്റ് രാജ്യങ്ങളിലേയ്ക്കും കയറ്റുമതി ചെയ്യുന്ന വാഹനമാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. ഇന്ത്യൻ വിപണിയ്ക്കും ഈ സുരക്ഷ പരിശോധന ബാധകമാണെന്നാണ് ജിഎൻസിഎപി അറിയിക്കുന്നത്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള മോഡലാണ് മാഗ്‍നൈറ്റ്.
സ്റ്റാൻഡേർഡായി രണ്ട് എയർബാഗുകൾ മാത്രം സജ്ജീകരിച്ചിരുന്ന മാഗ്‌നൈറ്റിന്റെ മുൻ മോഡലിനെ അപേക്ഷിച്ച് മികച്ച സുരക്ഷയാണ് പരിഷ്കരിച്ച മോഡൽ ഒരുക്കുന്നത്. ഘടനാപരമായ സുരക്ഷയ്ക്കും യാത്രക്കാരുടെ സംരക്ഷണത്തിനും എൻജിനീയറിങ്ങിൽ മുൻഗണന നൽകിയപ്പോൾ വളരെ വേഗത്തിൽ സുരക്ഷയിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞെന്ന് ഈ ക്രാഷ് ടെസ്റ്റ് ഫലം വ്യക്തമാക്കുന്നത് എന്നാണ് ജിഎൻസിഎപി അറിയിക്കുന്നത്.
ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും ഇപ്പോൾ വിൽപനയ്‌ക്കെത്തുന്ന എസ്‌യുവിയുടെ ഏറ്റവും പുതിയ മോഡലിന് നിരവധി അപ്‌ഗ്രേഡുകൾ നിസാൻ വരുത്തിയിരുന്നു. ഇതിൽ ആറ് എയർബാഗുകൾ, ഇഎസ്പി, കൂടുതൽ ശക്തമായ പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ, പുതുക്കിയ ഒക്യുപ്പന്റ് റിസ്ട്രൈയിന്റ് സിസ്റ്റംസ്, എല്ലാ സീറ്റുകളിലുമുള്ള ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവ ഉൾപ്പെടുന്നു.
ഗ്ലോബൽ എൻസിഎപിയുടെ സുരക്ഷപരിശോധനയിൽ ഫ്രണ്ടൽ, സൈഡ് ഇംപാക്റ്റുകൾക്കായുള്ള പരിശോധനയും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളിന്റെ അസസ്മെന്റുകളും ഉൾപ്പെടുന്നു. അഞ്ച് സ്റ്റാർ നേടണമെങ്കിൽ പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ, സൈഡ് പോൾ ഇംപാക്ട് റെസിസ്റ്റൻസ് തുടങ്ങിയ അധിക പരിശോധനകളും വിജയകരമായി പൂർത്തിയാക്കണം.
പുതിയ മാഗ്‌നൈറ്റിൽ 72എച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കുമുള്ള 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എൻജിനാണ് ഉപയോഗിക്കുന്നത്. ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണെങ്കില്‍ കരുത്ത് 100എച്ച്പിയും ടോര്‍ക്ക് 160 എന്‍എമ്മും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. മാനുവൽ ഗിയർബോക്സ് രണ്ട് എൻജിനുകളിലും ലഭിക്കും എന്നാൽ എംഎംടി ഗിയർബോക്സ് 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എൻജിനിലും സിവിടി ഗിയർബോക്സ് ടർബോ പെട്രോൾ എൻജിനിലും മാത്രം.