മനുഷ്യപൂർവികർ കുഞ്ഞുങ്ങളെ കശാപ്പ് ചെയ്തിരുന്നതായി ഗവേഷകർ കണ്ടെത്തി. എട്ടര ലക്ഷം വർഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന മനുഷ്യരുടെ പൂര്‍വികര്‍ കുഞ്ഞുങ്ങളെ ഭക്ഷിച്ചുവെന്നാണ് സ്പാനിഷ് പുരാവസ്തു ഗവേഷകരുടെ കണ്ടെത്തല്‍. കാറ്റലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ പാലിയോക്കോളജി ആന്‍ഡ് സോഷ്യല്‍ എവല്യൂഷനിലെ (ഐപിഎച്ച്ഇഎസ്) ഗവേഷകസംഘമാണ് പ്രദേശത്ത് ഉദ്ഖനനം നടത്തിയത്.
എട്ടര ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്. വടക്കന്‍ സ്‌പെയിനിലെ അറ്റപുവെര്‍കയിലുള്ള ഗ്രാന്‍ ദൊലീന ഗുഹാപ്രദേശത്ത് നടത്തിയ ഉദ്ഖനനത്തിലാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. രണ്ട് വയസ്സിനും നാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിലെ എല്ലാണ് ഗവേഷകര്‍ക്ക് ഇവിടെ നിന്ന് ലഭിച്ചത്. ഇതില്‍ കണ്ട, കശാപ്പ് ചെയ്യപ്പെട്ടതിന്റെ, അടയാളമാണ് കുഞ്ഞ് ഭക്ഷിക്കപ്പെട്ടതാകാം എന്ന നിഗമനത്തിലേക്ക് ഗവേഷകരെ നയിച്ചത്.
കുഞ്ഞിന്റെ തല വെട്ടിമാറ്റിയിട്ടുണ്ടാകാം എന്നാണ് ഗവേഷകര്‍ പറയുന്നത്. ഹോമോ ആന്റെസെസ്സര്‍ വിഭാഗത്തില്‍ പെട്ട കുഞ്ഞിന്റെ കഴുത്തിലെ എല്ലാണ് ഗ്രാന്‍ ദൊലീനയില്‍ നിന്ന് ലഭിച്ചത്. ഹോമോ സാപ്പിയനുകളുടേയും നിയാണ്ടര്‍ത്താലുകളുടേയും അവസാനത്തെ പൊതുപൂര്‍വികനെന്ന് കരുതപ്പെടുന്ന വിഭാഗമാണ് ഹോമോ ആന്റെസെസ്സറുകള്‍.
ഇത് സുപ്രധാനമായ കണ്ടെത്തലാണെന്ന് ഉദ്ഖനനത്തിന്റെ കോ-ഡയറക്ടര്‍ ഡോ. പാല്‍മിറ സലാദിയെ പറഞ്ഞു. കുഞ്ഞിന്റെ പ്രായം മാത്രമല്ല അതിന് കാരണം, കഴുത്ത് മുറിച്ചതിന്റെ കൃത്യതയും കൂടിയാണ്. തല വെട്ടിമാറ്റിയെന്ന് സൂചിപ്പിക്കുന്ന മുറിവ് കശേരുക്കളില്‍ വ്യക്തമായി കാണാം. ഇതില്‍ നിന്ന് കുഞ്ഞിനെ ഭക്ഷണമാക്കിയെന്ന കാര്യം വ്യക്തമാണെന്നും പാല്‍മിറ പറഞ്ഞു.
നരഭോജികളായ മനുഷ്യപൂര്‍വികര്‍ ഉണ്ടായിരുന്നുവെന്ന് നേരത്തേ തന്നെ കണ്ടെത്തപ്പെട്ട കാര്യമാണ്. എന്നാല്‍ കുഞ്ഞുങ്ങളെ ഭക്ഷിച്ചിരുന്നുവെന്ന കാര്യത്തിന് തെളിവ് ലഭിക്കുന്നത് അസാധാരണമാണ്. പ്രാചീന മനുഷ്യര്‍ സഹജീവികളെ ഭക്ഷണമാക്കിയിരുന്നു എന്ന സിദ്ധാന്തത്തെ ശക്തിപ്പെടുത്തുന്നതാണ് പുതിയ കണ്ടെത്തല്‍ എന്നാണ് ഗവേഷകരുടെ അഭിപ്രായം.
ശരാശരി ആധുനിക മനുഷ്യരേക്കാള്‍ ഉയരം കുറഞ്ഞതും കരുത്തുറ്റതുമായ ശരീരമാണ് ഹോമോ ആന്റെസെസ്സര്‍ മനുഷ്യര്‍ക്കുണ്ടായിരുന്നത്. 12 ലക്ഷം മുതല്‍ എട്ട് ലക്ഷം വരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നവരാണ് ഇവര്‍. 1,000 മുതല്‍ 1,150 വരെ ക്യുബിക് സെന്റിമീറ്ററാണ് ഇവരുടെ ഏകദേശ മസ്തിഷ്‌കവലിപ്പം. അതായത്, ശരാശരി 1,350 ക്യുബിക് സെന്റിമീറ്റര്‍ മസ്തിഷ്‌കവലിപ്പമുള്ള ഇന്നത്തെ മനുഷ്യരുടേതിനേക്കാള്‍ ചെറുതായിരുന്നു ഹോമോ ആന്റെസെസ്സറുകളുടെ മസ്തിഷ്‌കത്തിന്റെ വലിപ്പം.