Entertainment

‘ശരീരഭാരം കുറയ്ക്കാന്‍ ശ്രീദേവിയെ നിരന്തരം നിര്‍ബന്ധിച്ചു’; രാം ഗോപാൽ വർമ്മക്കെതിരെ ഗുരുതര ആരോപണവുമായി പങ്കജ് പരാശര്‍

അന്തരിച്ച നടി ശ്രീദേവിയുമായി ബന്ധപ്പെട്ട് സംവിധായകന്‍ രാം ഗോപാൽ വർമ്മയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ പങ്കജ് പരാശര്‍ രംഗത്ത്. ശ്രീദേവിയോട് ഭാരം കുറയ്ക്കാൻ രാം ഗോപാൽ വർമ്മ നിരന്തരം നിര്‍ബന്ധിച്ചുവെന്നും ഇതിന്റെ ഫലമായി നടി ബോധംകെട്ട് വീഴുകയും പല്ലുനഷ്ടമാവുമായും ചെയ്തുവെന്ന് പങ്കജ് പരാശര്‍ ആരോപിച്ചു.

തന്റെ ‘മേരി ബിവി കാ ജവാബ് നഹിന്‍’ എന്ന ചിത്രം പ്രദര്‍ശനത്തിനെത്താന്‍ വൈകിയതിന്റെ കാരണം വിശദീകരിക്കുകയായിരുന്നു പങ്കജ് പരാശര്‍. ശ്രീദേവിയും അക്ഷയ് കുമാറും പ്രധാനവേഷത്തിലെത്തിയ ചിത്രം വൈകിയതിന് കാരണക്കാരന്‍ രാം ഗോപാല്‍ വര്‍മയാണെന്ന് ഫ്രൈഡേ ടോക്കീസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കജ് പരാശര്‍ ആരോപിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ശ്രീദേവിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രാം ഗോപാല്‍ വര്‍മ ശ്രീദേവിയെ ശരീരഭാരം കുറയ്ക്കാന്‍ നിരന്തരം നിര്‍ബന്ധിച്ചുവെന്നും അതിനാല്‍ അവര്‍ക്ക് ക്രാഷ് ഡയറ്റ് പിന്തുടരേണ്ടിവന്നുവെന്നും പങ്കജ് പറഞ്ഞു.

‘സിനിമ നന്നായി മുന്നോട്ട് പോവുകയായിരുന്നു. പക്ഷേ എന്റെ സുഹൃത്ത് രാം ഗോപാല്‍ വര്‍മ, ഞാന്‍ അദ്ദേഹത്തെ അതിന് കുറ്റപ്പെടുത്തും. അദ്ദേഹം ശ്രീദേവിയോട് ശരീരഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. അവര്‍ ഒരു ക്രാഷ് ഡയറ്റ് തുടങ്ങി. തുടര്‍ന്ന് അവര്‍ ഉപ്പ് കഴിക്കുന്നത് നിര്‍ത്തി, രക്തസമ്മര്‍ദ്ദം കുറഞ്ഞ് ബോധംകെട്ടുവീണു. ബോധംകെട്ട് മേശയില്‍ ഇടിച്ചുവീണ അവര്‍ 20 മിനിറ്റോളം അബോധാവസ്ഥയിലായിരുന്നു. അവര്‍ക്ക് ഒരു പല്ല് നഷ്ടപ്പെട്ടു. ഞങ്ങളുടെ ഒരു ഷെഡ്യൂള്‍ ഷൂട്ടിങ് മുടങ്ങി’- പങ്കജ് പറഞ്ഞു.

‘മുഖത്ത് പരിക്കേറ്റതിനാല്‍ ശ്രീദേവിക്ക് ഒരു ഇടവേള എടുക്കേണ്ടിവന്നു. സിനിമയുടെ ഷെഡ്യൂള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. സിനിമയുടെ ഗതി തന്നെ തെറ്റി. പണം മുടക്കിയയാള്‍ പിന്മാറി, നിര്‍മാതാവ് മരിച്ചു. ഇക്കാരണങ്ങള്‍കൊണ്ട് ഞാന്‍ ആ സിനിമ ഉപേക്ഷിച്ചു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ അപൂര്‍ണ്ണമായ പതിപ്പ് 2004-ല്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിച്ചിട്ടില്ലെന്ന് ഒരു അഭിമുഖത്തില്‍ അക്ഷയ് കുമാറും പറഞ്ഞിരുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആ ഭാഗം ചിത്രീകരിക്കാത്തതുകൊണ്ട്, ഒടുവില്‍ അവര്‍ പ്രതികാരം ചെയ്തു എന്ന് സ്‌ക്രീനില്‍ എഴുതിക്കാണിച്ച് സിനിമ അവസാനിപ്പിക്കുകയായിരുന്നുവെന്ന് അന്ന് അക്ഷയ് കുമാര്‍ ഓര്‍ത്തെടുത്തു.