Health

ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ പ്രകൃതിദത്ത വഴികൾ

പുകവലി ഉപേക്ഷിക്കുക: പുകവലി രക്തസമ്മർദം ഉയർത്തുന്നതിനും രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുന്നതിനും കാരണമാകും. ഇത് ‘ആതറോസ്ക്ലെറോസിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കുകയും രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കുകയും ചെയ്യും.

എയറോബിക് വ്യായാമം: നടത്തം, ജോഗിങ്, സൈക്ലിങ്, നീന്തൽ, നൃത്തം തുടങ്ങിയ വ്യായാമങ്ങൾ ഹൃദയത്തെ ശക്തിപ്പെടുത്തുകയും രക്തസമ്മർദം സ്വാഭാവികമായി കുറയ്ക്കുകയും ചെയ്യും. ദിവസേന കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.

മാനസിക സമ്മർദം നിയന്ത്രിക്കുക: വിട്ടുമാറാത്ത മാനസിക സമ്മർദം രക്തസമ്മർദം വർധിപ്പിക്കാൻ കാരണമാകും. ജോലിസ്ഥലത്തെയും സാമ്പത്തികവുമായുള്ള മാനസിക സംഘർഷങ്ങൾ ഹൃദയത്തെയും രക്തസമ്മർദത്തെയും ബാധിക്കും. മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക.

പ്രാണായാമം പോലുള്ള യോഗമുറകൾ: മന്ദഗതിയിലുള്ള ശ്വാസോച്ഛ്വാസം നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും രക്തക്കുഴലുകൾക്ക് വിശ്രമം നൽകുകയും ചെയ്യുന്നു. ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ സിസ്റ്റോളിക് രക്തസമ്മർദം ഏഴ് പോയിൻ്റ് വരെയും ഡയസ്റ്റോളിക് ഏകദേശം മൂന്ന് പോയിൻ്റ് വരെയും കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

മൈൻഡ്ഫുൾനെസ്: വർത്തമാന കാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരുതരം പരിശീലനമാണ് മൈൻഡ്ഫുൾനെസ്. ചുറ്റുപാടുമുള്ളതും ഉള്ളിലുള്ളതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും പൂർണമായി ബോധവാന്മാരായിരിക്കുക. ഇത് നിങ്ങളെ ഒരു വിശ്രമ പ്രതികരണത്തിലേക്ക് നയിക്കുകയും, സമ്മർദ ഹോർമോണുകളായ അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുടെ ഉൽപാദനം കുറയ്ക്കുകയും ഹൃദയമിടിപ്പ്, രക്തസമ്മർദം, ശ്വസന നിരക്ക് എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം: രക്തസമ്മർദവും ഹൃദയാരോഗ്യവും നിയന്ത്രിക്കുന്നതിൽ നിങ്ങളുടെ ഭക്ഷണക്രമം പ്രധാനമാണ്. ഉപ്പ്, പൂരിത കൊഴുപ്പ്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് കുറയ്ക്കുക. പച്ചക്കറികൾ, ധാന്യങ്ങൾ, നട്സ്, ലീൻ പ്രോട്ടീനുകൾ, കടൽ ഭക്ഷണം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

ഉറക്കത്തിന് മുൻഗണന നൽകുക: ഉറക്കക്കുറവ് രക്തസമ്മർദം വർധിപ്പിക്കാൻ ഇടയാക്കും. ദിവസേന ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ തടസ്സമില്ലാതെ ഉറങ്ങാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് മുൻപ് സ്ക്രീൻ സമയം പരിമിതപ്പെടുത്തുന്നത് നല്ലതാണ്.