Health

ജീവിത ശൈലിയിലെ മാറ്റം; ചെറുപ്പക്കാരിൽ ഫാറ്റി ലിവർ വർദ്ധിക്കുന്നു

ഫാറ്റി ലിവര്‍, പ്രത്യേകിച്ച് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. കൂടുതലായും ഇത് ചെറുപ്പക്കാരിലാണ് കണ്ടുവരുന്നത്. ഒരുകാലത്ത് മധ്യവയസ്സിലുള്ളവരെയോ, അല്ലെങ്കില്‍ പ്രായമായവരില്ലോ കണ്ടുവന്നിരുന്ന ഈ അവസ്ഥ ഇന്ന് ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ കണ്ടുവരുന്നുണ്ട്. ജീവിതശൈലിയിലുണ്ടായ മാറ്റം, അമിതവണ്ണം, മോശം ഡയറ്റ് തുടങ്ങി നിരവധി കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ദീര്‍ഘനേരം ഇരിക്കുന്നത്, അത് ഡെസ്‌കിലായാലും കംപ്യൂട്ടറിന് മുന്നിലായാലും ശരീരത്തെ മോശമായ രീതിയിലാണ് ബാധിക്കുന്നത്. ശരീരത്തിന് ചലനങ്ങള്‍ കുറയുന്നതിനൊപ്പം അത് സ്വാഭാവിക മെറ്റബോളിസത്തെയും ബാധിക്കുന്നുണ്ട്. കരളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും ഈ ദീര്‍ഘനേരമുള്ള ഇരിപ്പ് കാരണമാകുന്നു. വളരെ മെലിഞ്ഞിരിക്കുന്നവരിലും നോര്‍മല്‍ ബിഎംഐ ഉള്ളവരിലും നോണ്‍ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ കണ്ടുവരുന്നുണ്ട്.

അനാരോഗ്യകരമായ ഭക്ഷണശീലമാണ് മറ്റൊരു കാരണം. സംസ്‌കരിച്ച, അമിതമായി പഞ്ചസാരയും ഉപ്പും ചേര്‍ത്ത, കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണത്തിന് അടിമകളാണ് ചെറുപ്പക്കാരും കോളജ് വിദ്യാര്‍ഥികളും ഇത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങളും അര്‍ധരാത്രിയോട് അടുക്കുന്ന സമയത്തെ ഭക്ഷണം കഴിക്കലും കരളിനെ വളരെ ദോഷമായി ബാധിക്കുന്ന ശീലങ്ങളാണ്.

സമ്മര്‍ദം, ചില പ്രത്യേക മരുന്നുകളുടെ പതിവായ ഉപയോഗം, പിസിഒഡി, പാരമ്പര്യ ഘടകങ്ങള്‍ എല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ തുടക്കഘട്ടത്തില്‍ ഇത് കണ്ടെത്തുക പ്രയാസമാണ്. ഇത് പിന്നീല്‍ കരള്‍ വീക്കത്തിലേക്കും ഫൈബ്രോസിസിലേക്കും എത്തുമ്പോഴാണ് പലപ്പോഴും ഫാറ്റി ലിവര്‍ ഉണ്ടെന്ന് തിരിച്ചറിയുക.

ഫാറ്റി ലിവര്‍ പലപ്പോഴും ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കുള്ള ഒരു കവാടം പോലെ പ്രവര്‍ത്തിക്കുമെന്നുള്ളതാണ് മറ്റൊരു വശം. ടൈപ്പ് 2 പ്രമേഹത്തിന്റെ റിസ്‌ക് ഉയര്‍ത്തുന്നു. കാര്‍ഡിയോവസ്‌കുലാര്‍ റിസ്‌ക്, ലിവര്‍ കാന്‍സര്‍ എന്നതിനുള്ള സാധ്യതകളും. ഫാറ്റി ലിവറിനെ തുടര്‍ന്ന് കരള്‍ പ്രവര്‍ത്തന രഹിതമാവുകയും ചിലപ്പോള്‍ മാറ്റിവയ്ക്കല്‍ വേണ്ട സാഹചര്യം ഉടലെടുക്കുകയും ഉണ്ടായേക്കാം.

ഫാറ്റി ലിവര്‍ തുടക്കം മുതല്‍ കണ്ടെത്താന്‍ സാധിച്ചാല്‍ അത് മാറ്റിയെടുക്കാന്‍ സാധിക്കും. ആരോഗ്യകരമായ ഡയറ്റ്, കൃത്യമായ വ്യായാമം, ഭാരം ക്രമീകരിക്കുക, സമ്മര്‍ദം കുറയ്ക്കുക, കൃത്യമായി ഹെല്‍ത്ത് ചെക്കപ്പ് നടത്തുക ഇതിലൂടെ പ്രകടമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകും.

പഴങ്ങള്‍, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക, കാര്‍ഡിയോ ഉള്‍പ്പെടെയുള്ള വ്യായാമ മുറകള്‍ സ്വീകരിക്കുക, ശരീരതഭാരത്തില്‍ നിന്ന് 5-10 ശതമാനം കുറയ്ക്കാന്‍ ആയാല്‍ കരളിലെ ഫാറ്റഅ കുറയ്ക്കാനും നീര്‍വീക്കവും കുറയ്ക്കാനാവും.