ബോചം: ലോക യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയുടെ അങ്കിത ധ്യാനി വെള്ളിമെഡല്‍ സ്വന്തമാക്കി. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ആണ് ഇരുപത്തിമൂന്നുകാരിയായ അങ്കിത വെള്ളിമെഡല്‍ നേടിയത്. ഇതിന് പുറമെ മീറ്റില്‍ രണ്ട് മെഡല്‍ കൂടി ഇന്ത്യ നേടി.
യൂണിവേഴ്‌സിറ്റി മീറ്റിന്റെ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. നാലാം സ്ഥാനത്തായിരുന്ന അങ്കിത അവസാന ലാപ്പില്‍ കുതിച്ച് 9:31.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്. വനിതകളുടെ 20 കിലോമീറ്റര്‍ നടത്തം ടീം ഇനത്തില്‍ ഇന്ത്യ വെങ്കലവും പുരുഷന്മാരുടെ 4×100 മീറ്റര്‍ റിലേ ടീം വെങ്കല മെഡലും സ്വന്തമാക്കി. അനിമേഷ് കുജുര്‍, മണികണ്ഠ ഹേബ്‌ളിദാര്‍, ലാലുപ്രസാദ് ഭോയി, മൃത്യും ദൊണ്ഡപതി എന്നിവരടങ്ങുന്നതാണ് റിലേ ടീം. മീറ്റില്‍ ഇത് ഇന്ത്യയുടെ ആദ്യ റിലേ വെങ്കലമാണ്. സെജര്‍ സിങ്, മാന്‍സി നേഗി, മുനിത പ്രജാപതി എന്നിവരടങ്ങുന്നതാണ് വെങ്കലം നേടിയ നടത്തം ടീം.
അവസാന ദിനം ഇന്ത്യയ്ക്ക് ഏതാനും മെഡലുകള്‍ തലനാരിഴയ്ക്ക് നഷ്ടമാവുകയും ചെയ്തു. വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ ടീമിനും പോള്‍വാള്‍ട്ടില്‍ ദേവ് മീനയ്ക്കും അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മീറ്റില്‍ പന്ത്രണ്ട് മെഡലുമായി ഇരുപതാം സ്ഥാനത്താണ് ഇന്ത്യ. രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.