India

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍; പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങളിൽ പാർലമെന്റിൽ ഇന്ന് ചർച്ച ആരംഭിക്കും. ലോക്‌സഭയിലാണ് ചര്‍ച്ചയാരംഭിക്കുക. രാജ്യസഭയിൽ നാളെയാണ് ചർച്ച. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കും. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സുരക്ഷാ വീഴ്ചയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് ഇടയാക്കിയതെന്ന ജമ്മുകശ്മീര്‍ ലെഫ്റ്റ്‌നറ്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ വെളിപ്പെടുത്തലും, ഇന്ത്യ പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദവും പ്രതിപക്ഷം ചര്‍ച്ചയാക്കും.

ഇരുസഭയിലും 16 മണിക്കൂർവീതമാണ് ചർച്ചയ്ക്ക് നീക്കിവെച്ചത്. ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ എന്നിവർ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ ഇടപെട്ട് സംസാരിക്കുമെന്നാണ് സൂചന. പ്രതിപക്ഷനിരയിൽ ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും സംസാരിക്കും. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്‌ ഉൾപ്പെടെ പ്രതിപക്ഷനിരയിലെ മറ്റ് പ്രമുഖരും സർക്കാരിനെതിരേ രംഗത്തുവരും.

Latest News