മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് നടി ശാന്തി കൃഷ്ണ. നായികയായും ഇപ്പോൾ അമ്മയായും മലയാള സിനിമയിൽ സജീവമാണ് താരം. ഇപ്പോഴിതാ ആദ്യ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ആ സമയത്ത് താന്‍ കരഞ്ഞിരുന്നില്ലെന്നും മരവിച്ച അവസ്ഥയായിരുന്നുവെന്നും താരം പറയുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ശാന്തി കൃഷ്ണയുടെ വാക്കുകളിങ്ങനെ….
ആദ്യത്തെ കുഞ്ഞ് മരിച്ചപ്പോള്‍ എനിക്ക് ഒരു വികാരവുമില്ലായിരുന്നു. എനിക്കന്ന് 26 വയസാണ്. അതിന് ശേഷാണ് നയം വ്യക്തമാക്കുന്നുവില്‍ അഭിനയിക്കുന്നത്. 18 മണിക്കൂറാണ് കുഞ്ഞ് ജീവിച്ചത്. മുഖം കണ്ടിരുന്നു. നോര്‍മല്‍ ബര്‍ത്ത് ആയിരുന്നു. പിന്നെ ഞാന്‍ അറിഞ്ഞത് ഡോക്ടര്‍ വരാന്‍ കുറച്ച് വൈകിയെന്നാണ്.
അതിനാല്‍ കുഞ്ഞിന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയും സര്‍വൈസ് ചെയ്യാന്‍ പറ്റാതാവുകയും ചെയ്തു. ആ വാര്‍ത്ത എന്നോട് അവര്‍ പറഞ്ഞിരുന്നില്ല. വേറെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നൊക്കെ പറഞ്ഞിരുന്നു. അവരുടെ മുഖം കണ്ടപ്പോള്‍ പോയി അല്ലേ എന്ന് ഞാന്‍ ചോദിച്ചു. അന്ന് ഞാന്‍ കരഞ്ഞിട്ടേയില്ല. കുറച്ച് ദിവസത്തേക്ക് ഞാന്‍ കരഞ്ഞില്ല. അമ്മയ്‌ക്കൊക്കെ പേടിയായി. ഇവള്‍ക്കെന്താ വികാരങ്ങളൊന്നും ഇല്ലേ എന്ന് ചിന്തിച്ചു. ആ സമയം തൊട്ട് എപ്പോഴും ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഞാന്‍ കരയാറില്ല. എന്റെ ബോഡി എന്നെ സംരക്ഷിച്ചതോ മറ്റോ ആകാം. ഞാന്‍ കരഞ്ഞില്ല. അതും മോശമാണ്.
ജീവിതത്തിന്റെ പലഘട്ടങ്ങളിലും മരവിച്ചു പോകുന്നത് പോലെയുള്ള അവസ്ഥയുണ്ടായിട്ടുണ്ട്. ഭയങ്കര കഠിനമായ വേദനയുള്ളപ്പോഴും ഞാന്‍ കരഞ്ഞിട്ടില്ല. കാണുമ്പോള്‍ ആളുകള്‍ കരുതും അവള്‍ ഭയങ്കര സ്‌ട്രോങ് ആണെന്ന്. പക്ഷെ അങ്ങനെ ആകണമെന്നില്ല. അന്ന് കരഞ്ഞിരുന്നുവെങ്കില്‍ എനിക്കത് കുറേക്കൂടി മനസിലാക്കാനും പല തെറ്റുകളും ആവര്‍ത്തിക്കാതിരിക്കാനും സാധിച്ചിരുന്നേനെ.
ചിലപ്പോള്‍ ഇവള്‍ക്കൊരു വികാരവുമില്ലേ എന്ന് ആളുകള്‍ ചിന്തിക്കുമല്ലോ എന്ന പേടി എനിക്കുണ്ടാകാറുണ്ട്. മരണ വീട്ടിലൊക്കെ പോയാല്‍ ചിന്തിക്കാറുണ്ട്. മുന്‍ ഭര്‍ത്താവിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ പോയിരുന്നു. അപ്പോള്‍ കരച്ചില്‍ വരുന്നില്ലല്ലോ, ആരെങ്കിലും കണ്ടാല്‍ എന്താകും വിചാരിക്കുക എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ശ്രീനാഥിന്റെ അച്ഛന്‍ മരിച്ച സമയത്താണത്. അച്ഛനുമായി എനിക്ക് നല്ല അടുപ്പമാണ്. രണ്ട് മുന്‍ ഭര്‍ത്താക്കന്മാരുടെ അച്ഛന്മാരുമായും നല്ല ബന്ധമാണ്. ശ്രീനാഥിന്റെ അച്ഛന്‍ എനിക്ക് വലിയ സപ്പോര്‍ട്ടായിരുന്നു. അച്ഛന്റെ ബോഡി കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി.
content highlight: Shanthy Krishna