വനിതാ യൂറോ കപ്പ് ഫുട്‌ബോളില്‍ വീണ്ടും ചാമ്പ്യന്‍മാരായി ഇംഗ്ലണ്ട്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോപ്പ് വനിത ഫുട്‌ബോളിന്റെ അധിപന്‍മാരാകുന്നത. ഇരുടീമുകളും ഓരോ ഗോളടിച്ച് അധികസമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ ആയിരുന്ന സ്‌പെയിനിനെ കീഴടക്കിയാണ് ഇംഗ്ലിഷുകാര്‍ കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിലായ മത്സര ആവേശം അധിക സമയത്തേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ 3-1 നാണ് സ്‌പെയിന്‍ വീണത്. മത്സരത്തിന്റെ 25-ാം മിനിറ്റില്‍ സ്‌പെയിന്‍ ആണ് ആദ്യം സ്‌കോര്‍ ചെയ്തത്. മരിയോന കാല്‍ഡന്റി വകയായിരുന്നു ഗോള്‍. രണ്ടാം പകുതിയില്‍, 57-ാം മിനിറ്റില്‍ അലസിയ റൂസോയിലൂടെ ഇംഗ്ലണ്ട് ടീം തിരിച്ചടിച്ചു.
2023 വനിത ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒരു ഗോളിന് പരാജയപ്പെടുത്തി സ്‌പെയിന്‍ ചാമ്പ്യന്‍മാരായിരുന്നു. ഇതിന്റെ ക്ഷീണം തീര്‍ക്കല്‍ കൂടിയായി ഇംഗ്ലണ്ടിന് കിരീടനേട്ടം. അന്ന് ഇംഗ്ലണ്ടിനെ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്പെയിന്‍ ചാമ്പ്യന്മാരായിരുന്നത്. എന്നാല്‍ ഈ യൂറോ കപ്പില്‍ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ സ്‌പെയിനിന് കഴിഞ്ഞില്ല.