Kerala

ഫോണ്‍ വിളി വിവാദം; അന്വേഷിക്കാൻ കെപിസിസി അച്ചടക്ക സമിതി

പാലോട് രവിയുടെ വിവാദ ഫോൺവിളി അന്വേഷിക്കാൻ അച്ചടക്ക സമിതിയെ നിയോ​ഗിച്ച് കെപിസിസി.തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ചുമതല.ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ പ്രാദേശിക തലത്തിലെ വിഭാഗീയതയാണെന്ന ആരോപണത്തിനിടെ ആണ് അന്വേഷണം. വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് രാജി. എൽഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവിൽ അതിവേഗമായിരുന്നു രാജി. വാമനപുരം ബ്ലോക്ക് സെക്രട്ടറി എ.ജലീലുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് കുരുക്കായത്.

അതേസമയം, തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി എന്‍ ശക്തന്‍ ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ഡിസിസി ഓഫീസില്‍ എത്തിയാകും ചുമതല ഏറ്റെടുക്കുക. വിവാദ ഫോണ്‍ സംഭാഷണത്തില്‍ കുരുങ്ങി പാലോട് രവി രാജിവച്ച പശ്ചാത്തലത്തിലാണ് എന്‍ ശക്തന് താല്‍ക്കാലിക ചുമതല നല്‍കിയത്. ഒരു മാസത്തിനുള്ളില്‍ പുനഃസംഘടന നടത്തി സ്ഥിരം ഡിസിസി അധ്യക്ഷനെ നിയമിക്കാനാണ് കെപിസിസിയുടെ ലക്ഷ്യം. പാലോട് രവി തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ടിവന്നു എന്നായിരുന്നു എന്‍ ശക്തന്റെ ആദ്യ പ്രതികരണം. രാജിക്ക് പിന്നാലെ പാലോട് രവി ഇതുവരെ മാധ്യമങ്ങളുമായി സംസാരിച്ചിട്ടില്ല.