എഎംഎംഎ തെരഞ്ഞടുപ്പിൽ നേതൃത്വത്തെ വെട്ടിലാക്കി നടി മാലാ പാർവതി. ആരോപണ വിധേയനായ നടൻ ബാബുരാജ് മാറിനിൽക്കേണ്ടതായിരുന്നുവെന്നും മുൻകാലങ്ങളിൽ ദിലീപ്, വിജയ് ബാബു, സിദ്ദിഖ് തുടങ്ങി എല്ലാവരും ആരോപണം നേരിട്ടപ്പോൾ മാറി നിന്നിട്ടുണ്ടെന്നും മാലാ പറയുന്നു. ബാബുരാജ് ആരോപണം നേരിട്ടപ്പോൾ മാറി നിൽക്കാത്തത് കൊണ്ടാണ് നിന്ന് രാജി വയ്ക്കാൻ നടൻ മോഹൻലാൽ തീരുമാനിച്ചതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും മാലാ പാർവതി പറഞ്ഞു. പ്രമുഖ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.
മാലാ പാർവതി പറയുന്നു….
ആരോപണം നേരിട്ടവർ മത്സരിക്കുന്നത് ഉചിതമല്ല, അത് നിയമത്തിന്റെ അടിസ്ഥാനത്തിൽ അല്ല പറയുന്നത്, ഒരു മര്യാദയുടെ പേരിൽ മാറിനിൽക്കേണ്ടതാണ്. താരസംഘടന ‘അമ്മ’ സമൂഹത്തിനിടയിൽ ഇത്രയും ചർച്ച ആകുന്നത് അത് മാതൃകാപരമായിരിക്കണം എന്നുള്ളതുകൊണ്ടാണല്ലോ. ദിലീപിനെതിരെ ഉണ്ടായ വിഷയം തൊട്ട് ഓരോ വിഷയം വരുമ്പോഴും പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ ഈ സംഘടനയ്ക്ക് മേൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോ സമയത്ത് അതാതു കാലങ്ങളിൽ പ്രശ്നമുള്ളവരെ മാറ്റി നിർത്തിയിട്ടുണ്ട്, എക്സിക്യൂട്ടീവ് അംഗമായിട്ടോ ഭാരവാഹിയായിട്ടോ ഉള്ളവരെ മാറ്റി നിർത്തണം എന്നുള്ളതാണ്.
ചരിത്രം ഓർത്തുനോക്കിയാൽ ദിലീപ്, വിജയ് ബാബു, സിദ്ദിഖ് എന്നിവർ മാറിനിന്നു. സിദ്ദിഖ് മാറി നിന്നപ്പോഴാണ് ബാബുരാജിനെതിരെ ആരോപണം വന്നത്. ആ സമയത്ത് ശ്വേതാ മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. ബാബുരാജ് സ്റ്റെപ് ഡൗൺ ചെയ്യണം എന്ന്. പക്ഷേ അന്ന് അദ്ദേഹം അത് ചെയ്തിട്ടുണ്ടാകില്ല. അത് ചെയ്യാൻ തയാറാകാത്തതു കൊണ്ടാകണം മോഹൻലാൽ രാജി വയ്ക്കാം എന്ന് പറഞ്ഞിട്ട് അഡ്‌ഹോക് കമ്മിറ്റിയിലോട്ടു പോയത്. അതിനു ശേഷം വീണ്ടും ഒരു ഇലക്‌ഷൻ വരുന്ന സമയത്ത് ‘അമ്മ’യുടെ ഭരണ സമിതിയെയും സംഘടനയെയും പ്രതിസന്ധിയിലാക്കാതിരിക്കാനുള്ള ഒരു മാതൃക ബാബുരാജ് കാണിക്കണമായിരുന്നു. അദ്ദേഹം നല്ല സംഘാടകൻ ആണ് മറ്റു പല കഴിവുകളും ഉണ്ട്. എനിക്ക് വ്യക്തിപരമായി തന്നെ ഒരു വിഷയം വന്നപ്പോൾ എന്നെ വളരെയധികം പിന്തുണച്ച വ്യക്തിയാണ് അദ്ദേഹം. ചില ഗുണങ്ങളൊക്കെ അദ്ദേഹത്തിനുണ്ട്. പക്ഷേ ഇങ്ങനെ ഒരു ആരോപണം നിലനിൽക്കുന്ന സമയത്ത് ‘അമ്മ’ എന്ന സംഘടനയെ പ്രതിസന്ധിയിലാക്കാതെ അദ്ദേഹം ശ്രദ്ധിക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.
ഇപ്രാവശ്യം ഇലക്‌ഷനിൽ നിന്ന് ഒരു വലിയ വിഭാഗം മാറി നിൽക്കുകയാണ്. ഒന്നാമത് ഇടവേള ബാബു ആണ് വരേണ്ടതെന്ന് ഒരുപാട് പേർക്ക് അഭിപ്രായമുണ്ട്. കാരണം അദ്ദേഹം ഉണ്ടായിരുന്നപ്പോൾ നല്ല ഒരു അച്ചടക്കം ഉണ്ടായിരുന്നു, കുറച്ചുകൂടി വിശ്വാസ്യത ഉണ്ട് അദ്ദേഹത്തിന്. അദ്ദേഹം പറ്റില്ല എന്ന് പറഞ്ഞു മാറി നിൽക്കുകയാണ്. പിന്നെ മത്സരത്തിന് മുന്നോട്ട് വന്ന പേരുകൾ വിജയരാഘവൻ ചേട്ടന്റെയും ചാക്കോച്ചന്റേയും ഒക്കെ ആയിരുന്നു. പക്ഷേ അവരും ഒഴിഞ്ഞു അതിനു അവരുടെ തന്നെ കാരണങ്ങൾ ഉണ്ടാകാം. പിന്നെ ജഗദീഷ് മത്സരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. ജഗദീഷിന് പൊതുസമൂഹത്തിന്റെ ഒരു വലിയ പിന്തുണയുണ്ട്. കാരണം ഒരു വിഷയം വന്നപ്പോൾ അദ്ദേഹം ‘അമ്മ’യെ വിമർശിച്ചു മുന്നോട്ട് വന്നിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ഒരു ഹീറോ ഇമേജ് ഉണ്ട്. പക്ഷേ ‘അമ്മ’യിലെ അംഗങ്ങൾക്ക് മറ്റൊരു അഭിപ്രായമാണ്.
കാരണം സിദ്ദിഖ് സാറിന്റെ വിഷയം വന്നപ്പോൾ ഇവർ പ്രസ് കോൺഫറൻസ് നടത്താൻ തയാറായിരിക്കുകയായിരുന്നു. പക്ഷേ ജഗദീഷ് അപ്പോൾ പറഞ്ഞു, ഇപ്പോൾ ഒരു മാധ്യമങ്ങളെയും കാണരുത് എന്ന്. ജഗദീഷിന്റെ കൂർമ്മ ബുദ്ധിയിൽ വളരെയധികം വിശ്വസിക്കുന്ന ഈ അംഗങ്ങൾ ഇപ്പോൾ മാധ്യമങ്ങളെ കാണേണ്ട എന്ന് തീരുമാനിച്ചു. പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം ആഞ്ഞൊരു അടി അടിച്ചു, ഇവർക്ക് വായില്ലേ ഇവർക്ക് സംസാരിച്ചുകൂടെ എന്ന് പറഞ്ഞു. അങ്ങനെ ആണ് അത് മുഴുവൻ പ്രതിസന്ധിയിലോട്ട് പോയത്. അത് അറിയാവുന്ന വലിയ വിഭാഗം ‘അമ്മ’യിലെ അംഗങ്ങൾ ജഗദീഷിനെതിരെ പ്രചാരണം നടത്തുന്നതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. എല്ലാ സീറ്റിലും എല്ലാവർക്കും സ്വീകാര്യരായ അംഗങ്ങൾ നിൽക്കണം എന്നുള്ളതാണ്.
പക്ഷേ ഈ നിൽക്കുന്നതിൽ ചെറിയ ശതമാനം മാത്രമേ ഉള്ളൂ എല്ലാവർക്കും സ്വീകാര്യരായവർ എന്നാണ് ‘അമ്മ അംഗങ്ങൾ പറയുന്നത്. ‘അമ്മ’യുടെ അംഗങ്ങൾ വലിയൊരു വിഭാഗമുണ്ട്. അവരുടെ വോട്ട് കിട്ടിയാൽ മാത്രമേ ഇവരെല്ലാം വിജയിക്കുകയുള്ളൂ, അവർക്ക് ശരിയെന്നു തോന്നുന്നവരെ അവർ വിജയിപ്പിക്കും. അവരുടെ തിരഞ്ഞെടുപ്പും പ്രധനമാണ്. മലയാളികൾ തന്നെയല്ലേ വോട്ട് ചെയ്യുന്നത്, ചോറുണ്ണുന്നവർ തന്നെ അല്ലേ. അവരുടെ ശരിയോടൊപ്പം നമ്മൾ നിൽക്കും. ഞാൻ ഇതെല്ലം വ്യക്തിപരമായി പറഞ്ഞു എന്ന് മാത്രം.
content highlight: AMMA Election