പറമ്പുകളിലും ചുറ്റുവട്ടത്തും പല തരത്തിലുള്ള ഔഷധ സസ്യങ്ങൾ ഉണ്ടെങ്കിലും അവയുടെ മൂല്യം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നാൽ അവ നിസാരക്കാരല്ല. അവയുടെ ഔഷധ ഗുണങ്ങൾ വളരെ ഫലപ്രദമാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. അസുഖങ്ങൾ വരുമ്പോൾ ഡോക്ടറെ കാണുക എന്ന ശീലം ഒരു പരിധിവരെ കുറയ്ക്കുന്നതിനും പ്രകൃതിദത്തമായ ഔഷധ സസ്യങ്ങളുടെ ഉപയോഗം പ്രയോജനപ്പെടുത്തുന്നതിനും ശ്രദ്ധിക്കാം.
പനിക്കൂർക്കയുടെ ഔഷധ ഗുണങ്ങൾ
നമുക്ക് പരിചയമുള്ള ഒരു ഔഷധ സസ്യമാണ് പനിക്കൂർക്ക. ഇന്നും നാട്ടു വൈദ്യശാസ്ത്രത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു സസ്യ വിഭാഗമാണിത്. മെക്സിക്കൻ മിൻ്റ് എന്നും പേരുള്ള പനിക്കൂർക്കയ്ക്ക് ഞവര, കർപ്പൂരവല്ലി, കഞ്ഞിക്കൂർക്ക എന്നിങ്ങനെ വിവിധ പേരുകളുണ്ട്. ഇതിൻ്റെ ഇലയ്ക്കും തണ്ടിനും വളരെയധികം ഔഷധ ഗുണങ്ങളുണ്ട്. കാർവക്രോൾ എന്ന ബാഷ്പീകൃത എണ്ണയാണ് പനിക്കൂർക്കയിലെ പ്രധാന രാസസംയുക്തം. ഇത് നല്ല ആരോഗ്യം നിലനിർത്തുന്നതിന് വളരെയധികം സഹായിക്കുന്നു.
പ്രയോജനങ്ങൾ എന്തെല്ലാം
കഫക്കെട്ട്: വിട്ടുമാറാത്ത കഫക്കെട്ടിനും മഴക്കാലങ്ങളിൽ വരുന്ന ചുമയ്ക്കും പനിക്കൂർക്കയുടെ ഇല ഉത്തമമാണ്. ഒന്നോ രണ്ടോ ഇല എടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചതിനു ശേഷം ഈ വെള്ളം ഉപയോഗിച്ച് ആവി പിടിച്ചാൽ മതിയാകും. പനിക്കും ഇതുപോലെതന്നെ ചെയ്യാം.
രോഗപ്രതിരോധശേഷിക്ക്: പനിക്കൂർക്കയുടെ ഇല തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ഇത് വയറിനെ ശുദ്ധിയാക്കുകയും ചെയ്യുന്നു.
തലമുടികളുടെ ആരോഗ്യത്തിന്: വെളിച്ചെണ്ണയിൽ പനിക്കൂർക്കയുടെ ഇല ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കുക. ശേഷം ഇത് തലമുടിയിൽ തേച്ച് കുളിക്കാം. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന മിക്ക പ്രശ്നങ്ങളും അകറ്റും. അതോടൊപ്പം മുടികൊഴിച്ചിൽ തടയുകയും ചെയ്യുന്നു. നരച്ച മുടി കറുപ്പിക്കുന്നതിനും ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.
കുട്ടികൾക്ക് വരുന്ന രോഗങ്ങൾക്ക്: കുട്ടികൾക്ക് പനി, ചുമ, ജലദോഷം, ശ്വാസതടസം എന്നീ അസുഖങ്ങൾ വന്നാൽ പനിക്കൂർക്കയുടെ നീര് തേനോ കൽക്കണ്ടമോ ചേർത്ത് നൽകുന്നത് ഫലപ്രദമായിരിക്കും. കുട്ടികളിലെ വയറു വേദനയ്ക്കും ദഹന പ്രശ്നങ്ങൾക്കും ഇത് ഉത്തമമാണ്. ശ്വാസകോശ അണുബാധ തടയുകയും ചെയ്യുന്നു.
ഛർദിക്ക്: പനിക്കൂർക്കയുടെ ഇല വെള്ളത്തിൽ തിളപ്പിച്ച് കുടിക്കാം. അല്ലെങ്കിൽ മോരുകാച്ചി കഴിക്കുന്നത് നല്ലതായിരിക്കും.
വിരശല്യത്തിന്: വയറ്റിലെ വിരശല്യത്തിന് ഇലയുടെ നീര് ത്രിഫല ചൂർണം കലക്കിയ വെള്ളത്തിൽ അരച്ച് ചേർത്ത് കഴിക്കുന്നത് ഉത്തമമാണ്. ഇത് മൂത്രാശയ അണുബാധ കുറയ്ക്കുകയും നീർക്കെട്ട് ഒഴിവാക്കുകയും ചെയ്യും. ഇത്തരത്തിൽ ഉപയോഗിക്കുന്നത് സ്ത്രീകൾക്ക് വെള്ളപോക്കിനും ഫലപ്രദമാണ്.
മാനസിക പിരിമുറുക്കത്തിന്: പനിക്കൂർക്കയുടെ നീര് വെള്ളത്തിൽ കലർത്തി കഴിക്കുന്നതുകൊണ്ട് മാനസിക പിരിമുറുക്കം, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ സാധിക്കുന്നതാണ്.
ഭക്ഷണം പാകം ചെയ്യാം: പനിക്കൂർക്കയുടെ ഇലകൾ ഉപയോഗിച്ച് ബജി പോലുള്ള ലഘു ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിക്കുന്നതും നല്ലതാണ്. ഇതിൻ്റെ സത്തുക്കൾ ഇന്ന് പല പാചക പരീക്ഷണങ്ങളിലും ഉൾപ്പെടുത്താറുമുണ്ട്.