ജ്ഞാനസഭയില്‍ വിസിമാര്‍ പങ്കെടുത്ത വിഷയത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. അക്കാദമിക് സ്വാതന്ത്ര്യത്തെയും സ്വതന്ത്രചിന്തയെയും കാവിത്തൊഴുത്തിൽ കൊണ്ടുക്കെട്ടാൻ കൂട്ടുനിന്നതിന് വൈസ് ചാൻസലർമാർ അക്കാദമിക് സമൂഹത്തിനു മുന്നിൽ തല കുമ്പിട്ടു നിൽക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. വിജ്ഞാന വളർച്ചയ്ക്കു നേതൃത്വം വഹിക്കേണ്ട വൈസ് ചാൻസലർമാരിൽ ചിലരുടെയെങ്കിലും തലകൾ ജ്ഞാനവിരോധത്തിന്റെ തൊഴുത്താക്കി മാറ്റിയെന്നത് ആർഎസ്എസിന് അഭിമാനകരമായിരിക്കാമെങ്കിലും കേരളത്തിന് ലജ്ജാകരമാണെന്ന് മന്ത്രി പറഞ്ഞു. സർവമതസ്ഥരുമുൾപ്പെട്ട വിദ്യാകേന്ദ്രങ്ങളെ ഹിന്ദുത്വരാഷ്ട്ര നിർമിതിക്ക് അണിയറകളാക്കാൻ കൂട്ടുനിൽക്കുന്നത് അംഗീകരിക്കാനാവില്ല.
കേരളത്തിൽ അജ്ഞാനത്തിന്റെ പ്രാകൃതസേന കെട്ടിപ്പടുക്കാമെന്ന സംഘപരിവാരത്തിന്റെ ദുഷ്ചിന്തയെ യുവതലമുറയും അക്കാദമിക് സമൂഹവും തുറന്നുകാട്ടും. യഥാർഥ ഗുരുവര്യന്മാർ നൽകിയ വിദ്യകൊണ്ട് പ്രബുദ്ധരായ കേരള ജനത അജ്ഞാന തിമിരത്തെ അലങ്കാരമായി കരുതുന്ന സംഘപരിവാരത്തിന്റെ പദ്ധതികളെ ചവറ്റുകൊട്ടയിലെറിയും. രാജ്യം സ്വാതന്ത്ര്യാനന്തരം ആർജിച്ചു വരുന്ന സകല ഉന്നതവിദ്യാഭ്യാസ നേട്ടങ്ങളെയും ചവറ്റുകുട്ടയിലെറിയുകയെന്ന പ്രാകൃത പദ്ധതികളിലാണ് ബിജെപി ഭരണത്തിൻ കീഴിൽ ആർഎസ്എസ് എന്നും മന്ത്രി പറഞ്ഞു.