എംഡിഎംഎയുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പിടിയിൽ. കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ.വി.ആൻസി (30), മലപ്പുറം സ്വദേശികളായ നൂറാ തസ്നി (23), സുഹൃത്ത് മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് അറസ്റ്റിലായത്. 53.950 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന ലഹരിയാണ് പിടികൂടിയത്.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. പാലക്കാട് മുണ്ടൂരിൽ വച്ചാണ് ആണ് ആന്‍സി പിടിയിലാവുന്നത്. പാലക്കാട് മുണ്ടൂര്‍ കേന്ദ്രീകരിച്ചാണ് ആന്‍സിയുടെ ലഹരി വില്‍പ്പന. കൃത്യം ഒരുവർഷം മുന്‍പ് എംഡിഎംഎയുമായി ഇവരെ പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടി ആൻസി ഇറങ്ങിയത്. ഇവരില്‍നിന്ന് ലഹരിമരുന്ന് വാങ്ങാനാണ് നൂറ തസ്നിയും മുഹമ്മദ് സ്വാലിഹും എത്തിയത്. ഇവര്‍ മുന്‍പും ലഹരിമരുന്ന് വാങ്ങിയിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചു. ആന്‍സിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.